കൊച്ചി- ലഹരിമരുന്നുമായി പിടിയിലായ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ പല പ്രമുഖരുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി സൂചന. സിനിമാ താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്‌ളാറ്റില്‍ റിന്‍സിയുടെ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനെ ലക്ഷ്യമിട്ടാണ് ഡാന്‍സാഫ് എത്തിയതെങ്കിലും വലയില്‍ റിന്‍സിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്‌ളാറ്റില്‍ റിന്‍സിയും ഉണ്ടായിരുന്നു. റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി ഇടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം.
സിനിമാ മേഖലയില്‍ ഇവര്‍ ഡ്രഗ് ലേഡി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനെക്കുറിച്ചും പോലീസ് വിശദമായി പരിശോധിച്ചുവരുന്നുണ്ട്. എവിടെനിന്ന് ലഹരി വരുന്നു, ആര്‍ക്കൊക്കെ ഇവ നല്‍കുന്നു, എങ്ങനെയൊക്കെയാണ് പണമിടപാട് തുടങ്ങിയ കാര്യങ്ങളിലടക്കം പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യും.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിന്‍സി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്നായിരുന്നു ലഹരി ഇടപാട്. പാലച്ചുവടില്‍ റിന്‍സിയുടെ പേരില്‍ വാടകക്കെടുത്ത ഫ്‌ളാറ്റിലായിരുന്നു ലഹരിവില്‍പന. ഇവിടെ നിരന്തരം സന്ദര്‍ശകര്‍ എത്തിയിരുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം പരിശോധിച്ചത്. കേരളത്തില്‍ തന്നെയുള്ള ഒരാള്‍ എംഡിഎംഎ നല്‍കുന്നതായാണ് പ്രതികള്‍ നല്‍കിയ വിവരം. ഇയാളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിറ്റി പോലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ 20.55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് റിന്‍സി മുംതാസ്. കല്ലായി കണ്ണഞ്ചേരി സ്വദേശിയാണ് യാസര്‍ അറാഫത്ത്.
Related News