മുംബൈ- ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേതിന് സമാനമായി മഹാരാഷ്ട്രയിലും ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാര്‍. പതിവുപോലെ മത പരിവര്‍ത്തന നിരോധന നിയമം തന്നെയാണ് ആയുധം. അനധികൃത പള്ളികള്‍ ആറ് മാസത്തിനകം ഇടിച്ചു നിരത്തുമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍ കുലെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ക്രിസ്ത്യന്‍ പള്ളികളുടെ സഹായത്തോടെ ദലിത്- ആദിവാസി മേഖലകളില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് ആരോപാണം. ആറ് മാസത്തിനുള്ളില്‍ അനധികൃത പള്ളികള്‍ പൊളിച്ചു നീക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. പൊളിച്ചു നീക്കേണ്ട പള്ളികളുടെ ലിസ്റ്റ് തയാറാക്കാന്‍ സര്‍ക്കാര്‍ വിവിധ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ- വൈദ്യ സഹായങ്ങള്‍ ക്രിസ്ത്യന്‍ പള്ളികള്‍ മുഖാന്തിരം ആദിവാസി ദലിത് മേഖലകളില്‍ നല്‍കുന്നുവെന്നാണ് പ്രധാന കുറ്റമായി മഹാരാഷ്ട്ര സര്‍ക്കാരും ബിജെപിയും കണ്ടെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആരോപണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും തുടക്കം കുറിച്ചത് അനൂപ് അഗര്‍വാള്‍ എന്ന ബിജെപി എം.എല്‍.എ യാണ്. ധൂലെ, നന്ദുബാര്‍ ജില്ലകളില്‍ മതപരിവര്‍ത്തനവും അനധികൃത പള്ളി നിര്‍മ്മാണങ്ങളും നടക്കുന്നുണ്ടെന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് അനൂപ് അഗര്‍വാളായിരുന്നു. വിദേശ ഫണ്ടുപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ആരോപണം. മതപരിവര്‍ത്തന കേസുകള്‍ തടയുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ശന നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News