ന്യൂദല്‍ഹി- കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ദല്‍ഹിയിലെ കര്‍ണാടക ഭവനില്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലെ അസ്വാരസ്യങ്ങള്‍ കെട്ടടങ്ങുന്നില്ലെന്ന സൂചന നല്‍കിയാണ് ഇരുവരുടെയും ദല്‍ഹി സന്ദര്‍ശനം.
ചൊവ്വാഴ്ച ദല്‍ഹിയിലെത്തിയ ഡി.കെ. ശിവകുമാര്‍ കര്‍ണാടക ഭവന്റെ പുതിയ അനെക്‌സ് കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ സ്വീറ്റിലാണ് താമസിച്ചത്. എന്നാല്‍, ബുധനാഴ്ച ദല്‍ഹിയിലെത്തിയ സിദ്ധരാമയ്യ പഴയ കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ സ്വീറ്റിലേക്ക് മാറി. മുന്‍ സന്ദര്‍ശനത്തില്‍ പുതിയ അനെക്‌സ് കെട്ടിടത്തിലെ സ്വീറ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും വെന്റിലേഷന്‍ കുറവാണെന്നും പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പഴയ കെട്ടിടത്തിലേക്ക് മാറിയതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ധരാമയ്യയുടെ അനുമതിയോടെയാണ് ഡി.കെ. ശിവകുമാര്‍ അനെക്‌സ് സ്വീറ്റ് തിരഞ്ഞെടുത്തതെന്നാണ് വിവരം.
നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ സംഭവവികാസങ്ങള്‍. ബുധനാഴ്ച സിദ്ധരാമയ്യയും ശിവകുമാറും വെവ്വേറെ പത്രസമ്മേളനങ്ങള്‍ നടത്തി. പിന്നീട് ഉച്ചയ്ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യ കര്‍ണാടക ഭവനിലേക്ക് മടങ്ങി മാധ്യമങ്ങളെ കണ്ടപ്പോള്‍, ശിവകുമാര്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം കാണാന്‍ കൊണാട്ട്‌പ്ലേസിലേക്ക് പോവുകയായിരുന്നു.
Related News