ദമാം : സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കൂട്ടായ്മയായ ഡിഫയുടെ സഹകരണത്തോടെ ബദര്‍ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഇലവന്‍സ് ടൂര്‍ണമെന്റിന് ജൂലൈ പതിനൊന്നിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു.
ബദര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടൂര്‍ണമെന്റ് ലോഗോയും ഫിക്‌സ്ചറും പ്രകാശനം നടത്തി. എസ് ടി സി ബാങ്ക് മുഖ്യ പ്രായോജകരായ ടൂര്‍ണമെന്റില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ 17 ടീമുകള്‍ മാറ്റുരയ്ക്കും. സൗദിയിലെ വിവിധ പ്രവിശ്യയിലെ പ്രമുഖ കളിക്കാരും നാട്ടില്‍ നിന്നുള്ള സൂപ്പര്‍ താരങ്ങളും വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിയും. ഉദ്ഘാടന പരിപാടിയിലും മറ്റു മത്സര ദിവസങ്ങളിലും ദമാമിലെ സാമൂഹിക സാംസ്‌ക്കാരിക കലാ കായിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
മേളയുടെ ലോഗോ പ്രകാശനം ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് കൂട്ടിലങ്ങാടിക്ക് നല്‍കി നിര്‍വ്വഹിച്ചു. ഡിഫ ജനറല്‍ സെക്രട്ടറി റഷീദ് മാളിയേക്കല്‍, രക്ഷാധികാരി മുജീബ് കളത്തില്‍, ടെക്‌നിക്കല്‍ കമ്മറ്റി അംഗം റാസി വള്ളിക്കുന്ന് , ബദ്ര്‍ ഫുട്‌ബോള്‍ ക്ലബ് രക്ഷാധികാരി റഷീദ് കൊളക്കല്‍, ക്ലബ് പ്രസിഡന്റ് മഹ്റൂഫ് , സെക്രട്ടറി ഷഹീം മങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ ക്ലബുകളുടെ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു.
പടം : എസ് ടി സി ബാങ്ക് ബദര്‍ ചാമ്പ്യന്‍സ് ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ റഫീഖ് കൂട്ടിലങ്ങാടിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു.
Related News