തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തോടുള്ള മോഹം ആവര്‍ത്തിച്ച് ശശി തരൂര്‍ എം.പി. വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന സര്‍വേഫലം എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് തരൂര്‍ തന്റെ ഉള്ളിലിരിപ്പ് വീണ്ടും പുറത്തുവിട്ടത്.
സ്വകര്യ ഗവേഷണ സ്ഥാപനമായം നടത്തിയ 'കേരള വോട്ട് വൈബ് സര്‍വേ 2026'ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു.
തരൂരിനെ പിന്തുണക്കുന്നവരില്‍ 30 ശതമാനം പുരുഷന്മാരാണ്. സ്ത്രീകളുടെ പിന്തുണ 27 ശതമാനം മാത്രം. 18നും 24നും ഇടയില്‍ പ്രായമുള്ളവരേക്കാള്‍ (20.3%) 55 വയസും അതില്‍ കൂടുതലുമുള്ളവരുടെ (34.2%) പിന്തുണയാണ് കൂടുതലായും തരൂരിനുള്ളത്.
എല്‍.ഡി.എഫില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ജനസമ്മതി കെ.കെ. ശൈലജക്കാണെന്ന് സര്‍വേ പറയുന്നു. 24 ശതമാനം പിന്തുണയാണ് ശൈലജക്ക് ഉള്ളത്. എന്നാല്‍, പിണറായിക്ക് പിന്തുണ 17.5 ശതമാനം മാത്രമാണ്. എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ ഫലം പറയുന്നു.
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സര്‍വേ ഫലം പങ്കുവെച്ചുള്ള ശശി തരൂരിന്റെ പുതിയ നീക്കം. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് തരൂര്‍ നീക്കം നടത്തിയിരുന്നു. ഇതിനായി കേരളത്തിലെ സമുദായ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
Related News