തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ചാരവൃത്തിക്ക് അറസ്റ്റിലായ വ്‌ലോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താനാകില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ചാരവൃത്തിക്കാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെ ഇവിടേക്ക് എത്തിക്കുമായിരുന്നില്ല. വ്‌ലോഗര്‍ എന്ന നിലയിലാണ് വന്നത്. വ്‌ലോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാറിനെയോ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്താനാകില്ലെന്ന് സതീശന്‍ പറഞ്ഞു.
വരുമ്പോള്‍ അവര്‍ ചാരപ്രവര്‍ത്തകയാണെന്ന് അറിയില്ലായിരുന്നല്ലോ. നിര്‍ദോഷമായാണ് വ്‌ലോഗറെ കേരളത്തില്‍ എത്തിച്ചത്. സി.പി.എമ്മായിരുന്നു പ്രതിപക്ഷത്തെങ്കില്‍ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സര്‍ക്കാറിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കേരള സര്‍ക്കാര്‍ അതിഥിയാക്കിയത് ദേശീയതലത്തില്‍ വിവാദമാക്കി ബി.ജെ.പിയാണ് രംഗത്തെത്തിയത്. ചാരവനിത ജ്യോതി മല്‍ഹോത്രക്ക് കേരള സര്‍ക്കാറിന്റെ ചുവപ്പ് പരവതാനി വിരിച്ചു കൊടുത്ത മുഖ്യമന്ത്രി, മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
Related News