ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. അപകടത്തിന്റെ കാരണമടക്കം കണ്ടെത്താന്‍ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചിരുന്നു.
ജൂണ്‍ 24നാണ് ബ്ലാക്ക് ബോക്‌സുകള്‍ അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനാപകടത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ബ്ലാക് ബോക്‌സില്‍ നിന്നും ഡല്‍ഹിയില്‍ വച്ചുതന്നെ വിവരങ്ങള്‍ ശേഖരിക്കാനായെന്ന് നേരത്തെ വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സിലെ ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ സുരക്ഷിതമായി വീണ്ടെടുത്ത്, മെമ്മറി മൊഡ്യൂളിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലാബില്‍ ഡൗണ്‍ലോഡ് ചെയ്തു. കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിലെയും ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡറിലെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേ സമയം ദുരന്തത്തെ കുറിച്ച് എയര്‍ ഇന്ത്യ വിശദീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു. സുരക്ഷ പിഴവുകള്‍ ആവര്‍ത്തിക്കുന്നത് ഗുരുതരമാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഓഡിറ്റു വേണമെന്നും യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.
Related News