കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകള്‍ നടത്തുന്ന പണിമുടക്ക് പൂര്‍ണം. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു. സര്‍വിസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വന്‍ തിരിക്കാണ് അനുഭവപ്പെട്ടത്.
ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുമായി സ്വകാര്യ ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ അഞ്ചു രൂപയാക്കുക, അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി കണ്‍സെഷന്‍ പരിമിതപ്പെടുത്തുക, ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ് ഉള്‍പ്പെടെയുള്ള പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നു സൂചനാപണിമുടക്ക് നടത്തുന്നത്. എന്നിട്ടും പ്രശ്‌ന പരിഹാരമില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരവും കെനടത്തുന്നതെന്ന് ഉടമകള്‍ പറഞ്ഞു.
അതിനിടെ, കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ദ്രോഹ, കര്‍ഷകവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടി സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ഇതോടെ ഫലത്തില്‍ രണ്ടുദിവസവും സ്വകാര്യബസുകള്‍ നിരത്തിലിറങ്ങില്ല. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വില്‍പന അവസാനിപ്പിക്കുക, സ്‌കീം വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെന്‍ഷന്‍ 9,000 രൂപയായും നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയര്‍ത്തിയാണ് പൊതുപണിമുടക്ക്.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി എ,ബി ഗണേഷ്‌കുമാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സമരത്തില്‍ പങ്കാളികളാവുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിട്ടുള്ളത്.
Related News