അമേരിക്കയില്‍ നടക്കുന്ന 2025 ക്ലബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളെ തകര്‍ത്ത് മുന്നേറിയ ബ്രസീലിയന്‍ ക്ലബ്ബുകളായ ഫ്‌ലൂമിനന്‍സും പാല്‍മിറാസും, സൗദി ക്ലബ്ബായ അല്‍ ഹിലാലുമൊക്കെ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്. മഴയും ഇടിമിന്നലും കാരണം മത്സരങ്ങള്‍ തടസ്സപ്പെടുകയും, വമ്പന്‍ ടീമുകളുടെ പുറത്താകലും കാരണം ടൂര്‍ണമെന്റിന് കാഴ്ചക്കാര്‍ കുറഞ്ഞെന്ന ആരോപണം ഉണ്ടെങ്കിലും ഇനിയുള്ള പോരാട്ടങ്ങള്‍ കടുത്തതും ആവേശം നിറഞ്ഞതുമായിരിക്കും.
അല്‍ ഹിലാല്‍ & ഫ്‌ലൂമിനന്‍സ്
സൗദി ക്ലബ്ബായ ഹിലാലും ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലൂമിനന്‍സും തമ്മിലുള്ള പോരാട്ടം ആവേശഭരിതമായിരിക്കും. അല്‍ ഹിലാല്‍ കരുത്ത് കാണിച്ച ഒരു ടൂര്‍ണമെന്റ് കൂടിയായിരുന്നു ക്ലബ് ലോകകപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രിയന്‍ ക്ലബ്ബായ സാല്‍സ് ബര്‍ഗിനെയും സാക്ഷാല്‍ റയല്‍ മാഡ്രിഡിനെയും സമനിലയില്‍ തളക്കുകയും, മെക്‌സിക്കന്‍ കരുത്തരായ പച്ചൂക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു അല്‍ ഹിലാല്‍. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ 4-3 ന് അല്‍ ഹിലാല്‍ തകര്‍ത്തത് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു. നിര്‍ണായകമായ മത്സരത്തില്‍ മാര്‍ക്കോസ് ലിയനാര്‍ഡോ രണ്ടുതവണയും മാല്‍ക്കം, ഖാലിദൗ കോലിബാലി എന്നിവര്‍ ഓരോ തവണയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലയില്‍ പന്തെത്തിച്ചു.
ബര്‍ണാഡോ സില്‍വയും ഹാലണ്ടും ഫോഡനും മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയെങ്കിലും അറബ് ക്ലബ്ബിന്റെ പോരാട്ടവീര്യത്തെ മറികടക്കാന്‍ ഇംഗ്ലീഷ് കരുത്തര്‍ക്ക് കഴിഞ്ഞില്ല. സിമോണ്‍ ഇന്‍സാഗി പരിശീലിപ്പിക്കുന്ന ഹിലാലിന്റെ കരുത്ത് മാര്‍ക്കോസ് ലിയനാര്‍ഡോ, അലക്‌സാണ്ടര്‍ മിട്രോവിച്, മാല്‍ക്കം, സലിം അല്‍ദൗസരി എന്നീ താരങ്ങളാണ്.
തിയാഗോ സില്‍വയും ജര്‍മ്മന്‍ കാനോയും ജോണ്‍ ഏരിയാസും അണിനിരക്കുന്ന, റോജര്‍ മച്ചാഡോ തന്ത്രമൊരുക്കുന്ന ഫ്‌ലൂമിനന്‍സും കരുത്തില്‍ ഒട്ടും പിന്നിലല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഡോര്‍ട്ട്മുണ്ട് ദക്ഷിണാഫ്രിക്കന്‍ ക്ലബ്ബായ മമെലോഡി സണ്‍ഡൗണ്‍സ് എന്നിവരെ സമനിലയില്‍ തളക്കുകയും ദക്ഷിണകൊറിയന്‍ ക്ലബ്ബായ ഉല്‍സാന്‍ എഫ് സിയെ 4-2ന് പരാജയപ്പെടുത്തുകയും ചെയ്തു. പ്രീക്വാര്‍ട്ടറില്‍ പ്രതിരോധതന്ത്രങ്ങള്‍ക്ക് പേരുകേട്ട ഇന്റര്‍ മിലാനയാണ് ഫ്‌ലൂമിനന്‍സ് തകര്‍ത്തത്. ഹിലാലും ഫ്‌ലൂമിനന്‍സും തമ്മിലുള്ള പോരാട്ടം കടുത്തതായിരിക്കും. ക്ലബ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്ന ആദ്യ അറബ് ടീമാണ് അല്‍ ഹിലാല്‍. ഫുട്‌ബോള്‍ നിരീക്ഷകര്‍ അല്‍ ഹിലാലിനാണ് മുന്നോട്ടുള്ള സാധ്യതകള്‍ കാണുന്നത്.
പാല്‍മിറാസ് & ചെല്‍സി
ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മിറാസും തമ്മിലുള്ള മത്സരത്തില്‍ പാല്‍മിറാസ് ചെല്‍സിയെ അട്ടിമറിച്ചാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. അത്രയ്ക്ക് കരുത്തുറ്റതാണ് ആബേല്‍ ഫെരേര പരിശീലിപ്പിക്കുന്ന കാനറി ക്ലബ്ബിന്റെ നിര. എസ്താവോ വില്യന്‍, പൗളിഞ്ഞോ, റാഫേല്‍ വീഗ, റിച്ചാര്‍ഡ് റിയോസ് എന്നിവര്‍ അവരില്‍ ചിലരാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്റര്‍ മയാമി, പോര്‍ട്ടോ എന്നീ ടീമുകളെ സമനിലയില്‍ തളക്കുകയും, ഈജിപ്ത്യന്‍ ക്ലബ്ബായ അല്‍ അഹ്ലിയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. പ്രീക്വാര്‍ട്ടറില്‍ മറ്റൊരു ബ്രസീലിയന്‍ ക്ലബ്ബായ ബോട്ടോഫോഗയെ പരാജയപ്പെടുത്തിയാണ് പാല്‍മിറാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. ഇറ്റലിക്കാരന്‍ എന്‍സോ മറെസ്‌ക പരിശീലിപ്പിക്കുന്ന ചെല്‍സിക്ക് മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാവില്ല. ബ്രസീലിയന്‍ ഫുട്‌ബോള്‍ ശൈലിയോട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റൊരു ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ലെമംഗോയോട് ചെല്‍സി പരാജയപ്പെട്ടിരുന്നു. താരതമ്യേന ദുര്‍ബലരായ അമേരിക്കയില്‍ നിന്നുള്ള ലോസ് ആഞ്ചല്‍സ് എഫ് സിയോടും ടുണീഷ്യന്‍ ക്ലബ്ബായ ഇ എസ് ടുണീസിനോടും മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് വമ്പന്‍മാരായ ബെന്‍ഫികയെ ചെല്‍സി 4-1ന് തകര്‍ത്തത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാല്‍മിറാസിനെതിരെ ചെല്‍സിക്ക് വിജയിക്കണമെങ്കില്‍ കോള്‍ പാല്‍മറും ക്രിസ്റ്റഫര്‍ എന്‍കുങ്കുവും എന്‍സോ ഫെര്‍ണാണ്ടസും മാര്‍ക്ക് കുക്കുറെല്ലയുമൊക്കെ നല്ലതുപോലെ വിയര്‍പ്പുഴുക്കേണ്ടി വരുമെന്ന് സാരം.
പി എസ് ജി & ബയേണ്‍ മ്യൂണിക്
ഫ്രഞ്ച് ജര്‍മന്‍ ടീമുകള്‍ തമ്മിലുള്ള മത്സരം തുല്യശക്തികളുടേതാണ്. എന്നാല്‍ നിലവിലെ ഫോമില്‍ പി എസ് ജിക്ക് സാധ്യത കല്‍പ്പിക്കുന്നവരാണ് കൂടുതല്‍. ഉസ്മാന്‍ ഡെമ്പെലയും വിറ്റിന്‍ഹയും ജാവോ നെവസും അഷ്‌റഫ് ഹക്കിമിയും ഉള്‍പ്പെട്ട നിരയെ ലോകത്തിലെ മികച്ച ടീമാക്കി മാറ്റിയത് പരിശീലകന്‍ ലൂയിസ് എന്റിക്വെയാണ്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും അവര്‍ക്ക് എതിരാളികള്‍ ഇല്ലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പി എസ് ജി ബോട്ടോഫോഗയോട് ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും അമേരിക്കന്‍ ടീമായ സിയാറ്റില്‍ സൗണ്ടേഴ്‌സിനെയും അത്ലറ്റികോ മാഡ്രിഡിനെയും അവര്‍ തകര്‍ത്തിരുന്നു. പ്രീക്വാര്‍ട്ടറില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അവര്‍ പരാജയപ്പെടുത്തിയത്. ന്യൂസിലാന്‍ഡ് ക്ലബ്ബായ ഓക്ലാന്‍ഡ് എഫ്‌സിയെ എതിരില്ലാത്ത പത്ത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ബയേണ്‍ മ്യൂണിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ക്ലബ് ലോകകപ്പിന് തുടക്കമിട്ടത്. ബെന്‍ഫിക്കയോട് ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും, അര്‍ജന്റീന ക്ലബ്ബായ ബൊക്കാ ജൂനിയേഴ്‌സിനെ അവര്‍ 2-1ന് പരാജയപ്പെടുത്തി. പ്രീക്വാര്‍ട്ടറില്‍
ഫ്‌ലെമംഗോയെ 4-2ന് പരാജയപ്പെടുത്തിയാണ് ബയേണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. വലിയ ചരിത്രവും പാരമ്പര്യവുമുള്ള ടീമാണ് ബയേണ്‍. അത് നിലനിര്‍ത്താന്‍ വിജയങ്ങള്‍ ആവശ്യമാണ്. അതിനായി ഹാരി കെയിന്‍, കിങ്സ്ലി കോമാന്‍, ജമാല്‍ മുസിയാല, ജോഷ്വാ കിമ്മിച്ച് തുടങ്ങിയ താരങ്ങളെ പരിശീലകന്‍ വിന്‍സന്റ് കൊമ്പനി പി എസ് ജിക്കെതിരെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് കാത്തിരുന്നു കാണാം.
റയല്‍ മാഡ്രിഡ് & ബൊറുസിയ ഡോര്‍ട്ട്മുണ്ട്
സാബി അലോണ്‍സോ പരിശീലകനായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വയലിന്റെ ആദ്യ മേജര്‍ ടൂര്‍ണമെന്റാണ് ക്ലബ്ബ് ലോകകപ്പ്. ആദ്യ മത്സരത്തില്‍ സൗദി ക്ലബ് അല്‍ ഹിലാലിനോട് സമനില വഴങ്ങിയെങ്കിലും പച്ചൂക്കയെയും സാല്‍സ് ബര്‍ഗിനെയും റയല്‍ ആധികാരികമായി പരാജയപ്പെടുത്തിയിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ കരുത്തരായ ജുവെന്റസിനെ പരാജയപ്പെടുത്തിയാണ് റയല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. എല്ലാ കാലവും പിന്തുടരുന്ന 'ഗലാറ്റിക്കോസ് ' നയം തന്നെയാണ് റയലിനെ മറ്റ് ക്ലബ്ബുകളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. ലോക ഫുട്‌ബോളിലെ വിലപിടിപ്പുള്ള താരങ്ങളെ ഒരേസമയം സ്വന്തമാക്കുന്ന ആ രീതി റയല്‍ ഇന്നും തുടരുന്നുണ്ട്. എംബാപ്പെയും വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്ഹാമും റോഡ്രിഗോയുമൊക്കെ റയലില്‍ വരുന്നത് അങ്ങനെയാണ്. അത്തരമൊരു ടീമിനെ തോല്‍പ്പിക്കാന്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ടിന് കഴിയുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ ഗുയിരാസി, കരീം അദേയ്മി, എംറെ കാന്‍ ജോബ് ബെല്ലിങ്ഹാം തുടങ്ങിയ യുവതാരങ്ങളാണ് പരിശീലകന്‍ നിക്കോ കൊവാച്ചിന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍. ഒരു അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല എന്നും കരുതാം റയല്‍ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഹാമും ഡോര്‍ട്ട്മുണ്ടിന്റെ ജോബ് ബെല്ലിങ്ഹാമും നേര്‍ക്കുനേര്‍ വരുമ്പോള്‍ സഹോദരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്ന കൗതുകം കൂടി ഈ മത്സരത്തിനുണ്ട്.
അഞ്ചുതവണ ജേതാക്കളായ റയല്‍ മാഡ്രിഡാണ് ഏറ്റവും കൂടുതല്‍ ക്ലബ് ലോകകപ്പ് നേടിയ ടീം . നിലവിലുള്ള ടീമുകളില്‍ ചെല്‍സിയും ബയേണ്‍ മ്യൂണിക്കും ഓരോ തവണ ജേതാക്കളായിട്ടുണ്ട്. ക്ലബ് ലോകകപ്പില്‍ പുതിയൊരു ടീം ജേതാക്കള്‍ ആവുന്നത് കൗതുകകരമായ കാഴ്ചയാവും.( കഴിഞ്ഞദിവസം സ്‌പെയിനിലെ സമോറ പ്രവശ്യയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട പോര്‍ച്ചുഗലിന്റെ ലിവര്‍പൂള്‍ താരം തിയാഗോ ജോട്ടക്ക് അനുശോചനം രേഖപ്പെടുത്തിയാണ് ക്ലബ്ബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന ടീമുകള്‍ പരിശീലനം ആരംഭിച്ചത്)
--------------
മുനീര്‍ വാളക്കുട
Related News