കോഴിക്കോട്: രണ്ടു കൊലപാതകം നടത്തിയിട്ടുണ്ടെന്നു പറഞ്ഞ് പോലീസ് മുന്‍പാകെ എത്തിയ തിരുവമ്പാടി സ്വദേശി മുഹമ്മദലിയുടെ മാനസിക നില പരിശോധിക്കാന്‍ ഒരുങ്ങി പോലീസ്. മുഹമ്മദാലിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു നടത്തിയതായി പറയുന്ന കൊലപാതകങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
14ാം വയസില്‍ താനൊരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദാലി വെളിപ്പെടുത്തിയിരുന്നു. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കഴിഞ്ഞ ദിവസം കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് പിടികിട്ടാത്തത് കൊണ്ട് പൊലീസ് കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില്‍ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നല്‍കിയിരുന്നു. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
റിമാന്‍ഡില്‍ കഴിയുന്നതിനുടെയാണ് രണ്ടാമതൊരു കൊലപാതകം കൂടി താന്‍ നടത്തിയിട്ടുണ്ടെന്ന് മുഹമ്മദലി വെളിപ്പെടുത്തിയത്. 1989ല്‍ കോഴിക്കോട് വെച്ച് കൊലപാതകം നടത്തിയെന്നാണ് മുഹമ്മദാലി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പണം തട്ടിപ്പറിച്ച് ഓടിയയാളെ താനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വളിപ്പെടുത്തലിന് പിന്നാലെ നടക്കാവ് പൊലീസ് ഇക്കാര്യത്തില്‍ പരിശോധന നടത്തുകയും സംഭവം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മുഹമ്മദലി പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നുള്ള പരിശോധനയുടെ ഭാഗമായാണ് മാനസിക നിലകൂടി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുളളത്.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.
Related News