ദോഹ :ഈ വര്‍ഷാവസാനം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഖത്തറില്‍ നടക്കുന്ന രണ്ട് പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളായ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025, ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 എന്നിവയില്‍ വളണ്ടിയര്‍മാരാകാനുള്ള അഭിമുഖം പുരോഗമിക്കുന്നു. ഇതിനോടകം 25,000ത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി പ്രാദേശിക സംഘാടകര്‍ അറിയിച്ചു. ഇവരില്‍ നിന്നും ടൂര്‍ണമെന്റിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യരായ 4,000 വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കും. ലുസൈല്‍ സ്റ്റേഡിയത്തിലാണ് അഭിമുഖം നടക്കുന്നത്.
18-നും 76-നും ഇടയില്‍ പ്രായമുള്ള 126 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷകരായുണ്ട്. അഭിമുഖങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് മുതല്‍ തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്ക് അവരുടെ ചുമതലകള്‍ ലഭിച്ചു തുടങ്ങും.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 നവംബര്‍ 3 മുതല്‍ 27 വരെ ആസ്പയര്‍ സോണ്‍ കോംപ്ലക്സില്‍ നടക്കും. 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ അണ്ടര്‍ 17 ടൂര്‍ണമെന്റാണിത്. 2029 വരെ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന അഞ്ച് ടൂര്‍ണമെന്റുകളില്‍ ആദ്യത്തേതും ഇതാണ്.
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 മുതല്‍ 18 വരെ ഫിഫ ലോകകപ്പ് 2022-ന്റെ ഭാഗമായിരുന്ന ആറ് സ്റ്റേഡിയങ്ങളിലായാണ് നടക്കുക. പതിനാറ് അറബ് രാജ്യങ്ങള്‍ ഇതില്‍ മത്സരിക്കും. 2029-ലും 2033-ലും ഖത്തര്‍ ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നുണ്ട്.
Related News