മഡ്രിഡ്: ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. സ്പെയിനിലെ സമോറ പ്രവിശ്യയിലാണ് കാര്‍ അപകടത്തില്‍ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആന്ദ്രേ സില്‍വയും (പെനാഫില്‍ ക്ലബ് താരം) അപകടത്തില്‍ മരണപ്പെട്ടു.
ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ടയര്‍ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.
ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാര്‍ഡോസോയെ വിവാഹം കഴിഞ്ഞത്. ജോട്ട 2020 ലാണ് വോള്‍വര്‍ഹാംട്ടണില്‍ നിന്നും ലിവര്‍പൂളിലെത്തിയത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണില്‍ സ്‌പെയ്‌നിനെ തകര്‍ത്ത് നാഷന്‍സ് ലീഗ് നേടിയ പോര്‍ച്ചുഗല്‍ ടീമിലും അംഗമായിരുന്നു.
പോര്‍ച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്റയിലൂടെ പ്രൊഫഷണല്‍ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ല്‍ അത്‌ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണില്‍ താരം ലോണില്‍ പോര്‍ട്ടോക്കൊപ്പം കളിച്ചു. സഹോദരന്‍ ആന്ദ്രേ സില്‍വ ആ കാലയളവില്‍ പോര്‍ട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ കളിച്ച ജോട്ട 14 ഗോളുകള്‍ നേടിയിട്ടുണ്ട്. 2019 നാഷന്‍സ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.
Related News