തിരുവനന്തപുരം: പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. പത്രസമ്മേളനത്തിനിടെ ഒരാള്‍ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി ഉന്നയിച്ചു. പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു.
''മുഖ്യമന്ത്രിക്ക് ഞാന്‍ പരാതി കൊടുത്തിരുന്നു. 30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ. 30 കൊല്ലം ഞാന്‍ അനുഭവിച്ച വേദനയാണ് സാര്‍..''പരാതിക്കാരന്‍ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇയാള്‍ ഉയര്‍ത്തിക്കാട്ടി. പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് കാണുന്നത്. പൊലീസ് മേധാവിക്കൊപ്പം എഡിജിപി എച്ച്.വെങ്കിടേഷും എഡിജിപി എസ്.ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.
ബഷീര്‍ വി.പി.എന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നും ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഗള്‍ഫിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകനാണ്. കണ്ണൂര്‍ ഡിഐജി ഓഫിസിലാണ് എസ്‌ഐയായി ജോലി ചെയ്തിരുന്നതെന്നും തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ല്‍ വിരമിച്ചെന്നും ഇയാള്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ വാര്‍ത്താ സമ്മേളനത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയത്. എങ്ങനെ ഇയാള്‍ അകത്തു കയറിയെന്ന് പരിശോധിക്കുന്നുണ്ട്.
Related News