തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്. വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
ഭാര്യക്കൊപ്പമാണ് പുതിയ ഡിജിപി പൊലീസ് ആസ്ഥാനത്ത് ചുമതലയേല്‍ക്കാനെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കേന്ദ്ര സര്‍വീസില്‍ നിന്ന് വിടുതല്‍ ലഭിച്ചയുടന്‍ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവര്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് മേധാവി പറഞ്ഞു. ലഹരി വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ഇതിനായി പ്രത്യേക നയം രൂപീകരിക്കും. ക്രമസമാധാനപാലനവും ഗൂണ്ടാ വിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും കൂടുതല്‍ കാര്യക്ഷമമാക്കും. സമൂഹത്തില്‍ സമുദായിക സൗഹാര്‍ദം ഉറപ്പാക്കാന്‍ പൊലീസ് ശക്തമായ ഇടപെടല്‍ നടത്തും. സൈബര്‍ കുറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. സാധാരണക്കാര്‍ക്ക് ഭയം കൂടാതെ പൊലീസ് സ്റ്റേഷനില്‍ പോകാനും നീതി ഉറപ്പാക്കാനുമുള്ള നടപടികള്‍ ഉണ്ടാകും. സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ ചുമതലയാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റവഡ ചന്ദ്രശേഖര്‍ പറഞ്ഞു.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂര്‍ മേഖല അവലോകന യോഗത്തില്‍ പങ്കെടുക്കും. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ വിവാദങ്ങള്‍ നിലനില്‍ക്കേയാണ് റവാഡയുടെ ഔദ്യോഗിക പരിപാടികള്‍ കണ്ണൂരില്‍ നിന്നും തുടങ്ങുന്നത്.
Related News