ഗുവാഹത്തി - ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് 'സോഷ്യലിസം', 'സെക്യുലറിസം' എന്നീ വാക്കുകള്‍ നീക്കം ചെയ്യാന്‍ ഇത് ഒരു 'സുവര്‍ണ്ണാവസരം' ആണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഈ രണ്ട് വാക്കുകള്‍ കൂട്ടിച്ചേര്‍ത്തത് ഭരണഘടനയെ 'പൂര്‍ണ്ണമായി മാറ്റിമറിച്ചു' എന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, ആര്‍.എസ്.എസും രാജ്യത്തെ നിരവധി ബുദ്ധിജീവികളും ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, സെക്യുലറിസം എന്നീ വാക്കുകള്‍ നീക്കം ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടി. 'നമ്മള്‍ ഒരു പക്വതയുള്ള ജനാധിപത്യമാണ്... ബ്രിട്ടീഷ് അല്ലെങ്കില്‍ അമേരിക്കന്‍ ഭരണഘടനകളില്‍ നിന്ന് മതേതരത്വത്തിന്റെ പദാവലി സ്വീകരിക്കേണ്ടതില്ല; നമ്മുടെ മതേതരത്വം ഭഗവദ്ഗീതയില്‍ നിന്ന് സ്വീകരിക്കും,' ശര്‍മ്മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിലെ അനുഭവങ്ങളെക്കുറിച്ചുള്ള 'ദി എമര്‍ജന്‍സി ഡയറീസ് - ഇയേഴ്‌സ് ദാറ്റ് ഫോര്‍ജ്ഡ് എ ലീഡര്‍' എന്ന പുസ്തകത്തിന്റെ അസമിലെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിക്കിള്‍ 14-ലൂടെ (നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുനല്‍കുന്ന വകുപ്പ്) മതേതരത്വത്തിന്റെ 'ഇന്ത്യന്‍ ആശയം' ഭരണഘടനയില്‍ ഇതിനകം ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്ന് ശര്‍മ്മ പറഞ്ഞു.
'നമ്മുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, രാജ്യത്ത് ഒരാളോടും വിവേചനം പാടില്ലെന്ന് പറയുമ്പോള്‍, അതാണ് നമ്മുടെ മതേതരത്വത്തിന്റെ അടിസ്ഥാനം. ഭരണഘടന രൂപീകരിക്കുന്ന സമയത്ത്, മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 14 വ്യക്തമാക്കുന്നത് ഭരണകൂടം ആരെയും വിവേചനം കാണിക്കരുത് എന്നാണ്. അതാണ് മതേതരത്വത്തിന്റെ ഏറ്റവും ഉയര്‍ന്ന തലം... പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം, കോടതികളായാലും ബുദ്ധിജീവികളായാലും, പാശ്ചാത്യ കാഴ്ചപ്പാടിലൂടെ മതേതരത്വത്തെ നോക്കാന്‍ തുടങ്ങി. കാരണം, മതേതരത്വം എന്ന വാക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ വിഭാവനം ചെയ്യപ്പെട്ടതല്ല... നമ്മള്‍ നിഷ്പക്ഷരല്ല... നമ്മള്‍ ഹിന്ദുക്കള്‍ക്കൊപ്പമാണ്, മുസ്ലീങ്ങള്‍ക്കൊപ്പവുമാണ്. ഇവിടെ, മതേതരത്വം ഒരു നല്ല ആശയമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News