കൊല്ലം: അഭിഭാഷകനായ പിതാവും ബാങ്ക് ഉദ്യോഗസ്ഥനായ മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കടപ്പാക്കട അക്ഷയ നഗറില്‍ 29ല്‍ ശ്രീനിവാസപിള്ള (79) മകന്‍ വിഷ്ണു (42) എന്നിവരെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. മകനെ വെട്ടിക്കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ശ്രീനിവാസപിള്ളയെ വീട്ടിലെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും തൊട്ടടുത്ത മുറിയിലായി മകന്‍ വിഷ്ണുവിനെ ചോരവാര്‍ന്ന് കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടത്. മകനെ വെട്ടിക്കൊന്നശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശിക്കുന്നു. വിഷ്ണു എസ്.ബി.ഐയില്‍ പ്രൊബേഷനറി ഓഫിസറായിരുന്നു. എന്നാല്‍ ജോലി അടുത്തിടെ രാജിവെച്ചിരുന്നു. കുറച്ചുനാളുകളായി മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായും നിരന്തരം വീട്ടില്‍ ബഹളമുണ്ടാക്കുമായിരുന്നതായും പറയുന്നു. ഇതാകാം മറ്റാരും വീട്ടിലില്ലാത്ത സമയം കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന്് സംശിക്കുന്നു.
രണ്ടുദിവസമായി അഭിഭാഷകനായ ശ്രീനിവാസപിള്ളയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിഷ്ണുവിന്റെ മാതാവ് രമ രണ്ടുദിവസം മുമ്പാണ് മകനുമായുള്ള വഴക്കിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ വിദ്യയുടെ വീട്ടിലേക്ക് പോയത്. വിദ്യ വെള്ളിയാഴ്ച ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ ഇരുവരും കൊല്ലത്തെ വീട്ടിലേക്ക് വരികയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഗേറ്റും വാതിലുകളും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് വിളിച്ചിട്ടും വാതില്‍ തുറക്കുകയോ അനക്കമോ ഉണ്ടായില്ല. ഇതേതുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി വീട് തുറന്നു നോക്കുമ്പോഴാണ് അച്ഛനും മകനും മരിച്ച നിലയില്‍ കാണപ്പെട്ടത്. വിഷ്ണു വിവാഹിതനാണെങ്കിലും വിവാഹ ബന്ധം വേര്‍പെടുത്തിയ നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷിച്ചു വരുന്നു.
Related News