കണ്ണൂര്‍: അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ശാസ്ത്രീയമായ പരിഹാരം അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിവിധ വശങ്ങള്‍ പരിഗണിച്ചുകൊണ്ട് പേ വിഷബാധയുടെ നിയന്ത്രണത്തിനായി സമഗ്ര പദ്ധതികള്‍ തയ്യാറാക്കണമെന്ന് കണ്ണൂരില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഐ എം എ സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. തെരുവുനായ്കളുടെ ജനന നിരക്ക് നിയന്ത്രണം മുതല്‍ ശാസ്ത്രീയമായ മികച്ച ചികിത്സകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. പട്ടികടിയേറ്റ ഉടനെ തന്നെ 15 മിനുട്ട് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവേറ്റ ഭാഗം കഴുകി വൃത്തിയാക്കിയ ശേഷം, ആശുപത്രിയില്‍ എത്തിച്ച് പേവിഷബാധക്കെതിരെയുള്ള ഇഞ്ചക്ഷനുകള്‍ എടുക്കണം. മറ്റു ജീവികളുടെ കടിയേറ്റാലും ശാസ്ത്ര ചികിത്സ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധ ക്കുള്ള ഇമ്മ്യൂണോഗ്ലോബിന്‍ അടക്കമുള്ള മരുന്നുകള്‍ എല്ലാ സമയവും ലഭ്യമാണ് എന്ന് ഉറപ്പുവരുത്തണം. പൊതുജനങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ അനിവാര്യമാണെന്നും ഐ എം എ സെമിനാര്‍ വിലയിരുത്തി.
കണ്ണൂര്‍ ഐ എം എ ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസിഡണ്ട് ഡോ നിര്‍മ്മല്‍ രാജ് അധ്യക്ഷനായി . കേരള ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് ഫിസിഷ്യന്‍ ഡോ. പി. ലത വിഷയാവതരണം നടത്തി. ഡോ മുഹമ്മദലി, ഡോ പി കെ ഗംഗാധരന്‍, ഡോ സുല്‍ഫിക്കര്‍ അലി, ഡോ ബാലകൃഷ്ണ പൊതുവാള്‍, ഡോ വി സുരേഷ്, ഡോ രാജ്‌മോഹന്‍, ഡോ അശോകന്‍, ഡോ വരദരാജന്‍, ഡോ മുഹമ്മദ് ഹിഷാം, ഡോ മനു മാത്യൂസ് പ്രസംഗിച്ചു .
ഫോട്ടോ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ കേരള ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വീസ് ഫിസിഷ്യന്‍ ഡോ പി. ലത വിഷയം അവതരിപ്പിക്കുന്നു.
Related News