നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ മുണ്ടേരി വാണിയമ്പുഴ കോളനിയിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെ ആദിവാസി മേഖലയായ വാണിയമ്പുഴ കോളനിയിലാണ് സംഭവം. ബില്ലി താമസിച്ചിരുന്ന കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്നു വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 2019ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ശേഷം കുടില്‍ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്.
ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആക്രമണം നടന്ന സ്ഥലത്ത് എത്തുക പ്രയാസകരമാണ്. ചങ്ങാടം പോലും ഇല്ലാത്ത അവസ്ഥയാണ്. നിലവില്‍ മേഖലയില്‍ വന്യജീവി ശല്യം രൂക്ഷമാണ്. ജനങ്ങള്‍ നിരവധി തവണ പ്രതിഷേധിച്ചിട്ടും ആക്രമണം തടയാന്‍ ഒരു മുന്‍കരുതലും സ്വീകരിച്ചിട്ടില്ലെന്ന ആരോപണം ശക്തമാണ്.
യുവാവിന്റെ മരണത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മൃതദേഹം പുറത്തെത്തിക്കാന്‍ ഫയര്‍ഫോഴ്സിന്റെ സഹായം കൂടി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Related News