കൊച്ചി: പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വലിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിക്കിന്റെ (30) മരണം ഭാര്യയും ഭര്‍ത്താവും ചേര്‍ന്നു നടത്തിയ കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷിഹാബും (39) ഭാര്യയും ആഷിക്കിന്റെ സുഹൃത്തുമായ ഷഹാനയും (32) പള്ളുരുത്തി പൊലീസ് പിടിയിലായി. ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് വാനില്‍ തിങ്കളാഴ്ച രാത്രി ഗുരുതര പരിക്കുകളോടെയാണ് ആഷഇക്കിനെ കണ്ടെത്തിയത്. മീന്‍ വിതരണ ജോലിയാണ് ആഷിക്ക് നടത്തിയിരുന്നത്.
ഇടക്കൊച്ചി കണ്ണങ്ങാട്ട് ഇന്ദിര ഗാന്ധി റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാനിലാണ് രക്തംവാര്‍ന്ന് അനക്കമില്ലാതെ ആഷഇക്കിനെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ആഷിക്കിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആഷിക്കിന് അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് യുവതി നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. ആഷിക്കിന്റെ ഇരു തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നതാണ് മരണകാരണം. കഴുത്തിലും പരിക്കുണ്ടായിരുന്നു.
എന്നാല്‍ ആഷിക്കിന്റെ കുടുംബം സംഭവത്തില്‍ സംശയം ജനിപ്പിച്ച് രംഗത്തെത്തി. തുടര്‍ന്ന് പള്ളുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന തെളിഞ്ഞത്. ഇതോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തി പ്രതികളുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇതറിഞ്ഞ ഷിഹാബ് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരേ പോലീസില്‍ പരാതി കൊടുപ്പിച്ചു. പൊലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ 24 ദിവസം ജയിലില്‍ കിടന്നു. ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം ഷഹാനയുടെ നഗ്‌നചിത്രം തന്റെ കൈയിലുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്നും ആഷിഖ് ഷഹാനയെയും ഷിഹാബിനെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് കൊല നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി അസി. കമീഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പോലീസ് കൂടുതല്‍ അന്വേണം നടത്തി വരുന്നു.
ഫോട്ടോ: ഷഹാന, ഷിഹാബ്, കൊല്ലപ്പെട്ട ആഷിക്ക്
Related News