മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് വലിയ ആശ്വാസവും എല്‍.ഡി.എഫിന് തിരിച്ചടിയുമാണ്. മുന്‍പ് കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമായിരുന്ന നിലമ്പൂര്‍, 9 വര്‍ഷത്തിനു ശേഷമാണ് യു.ഡി.എഫ് തിരിച്ചുപിടിക്കുന്നത്. 2011 നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് മുന്‍പ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്.
ആര്യാടന്‍ ഷൗക്കത്ത് ഇടതുമുന്നണിയുടെ യുവനേതാവ് എം. സ്വരാജിനെ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഇത് യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിന്റെ സുചനയായാണ് വിലയിരുത്തുന്നത്.
ഈ വിജയം ഷൗക്കത്തിനും ആര്യാടന്‍ കുടുംബത്തിനും നിലമ്പൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും വലിയ നേട്ടമാണ്. എം. സ്വരാജിനെപ്പോലെയുള്ള യുവനേതാവിനെ ഇറക്കിയിട്ടും എല്‍.ഡി.എഫിന് നിലമ്പൂര്‍ നിലനിര്‍ത്താനായില്ല. ഇത് സര്‍ക്കാരിന്റെ ഭരണത്തിനെതിരെയുള്ള ജനവികാരമായി വിലയിരുത്തപ്പെടുന്നു.
യു.ഡി.എഫുമായി ഇടഞ്ഞു സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വറിനും തെരഞ്ഞെടുപ്പ് നേട്ടമാണ് സമ്മാനിച്ചത്. 19,760 വോട്ടുകളാണ് അദ്ദേഹം നേടിയത്. ഇത് മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്നു. എന്നാല്‍, യു.ഡി.എഫിന് അനുകൂലമായ ഭൂരിപക്ഷം കുറയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന പോരായ്മയുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8,648 വോട്ടുകള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മലയോര മേഖലയില്‍ തങ്ങളുടെ സ്വാധീനം തെളിയിക്കാന്‍ നടത്തിയ നീക്കം പരാജയപ്പെടുകയായിരുന്നു. കേരളത്തില്‍ എന്തൊക്കെതന്നെ ധ്രുവീകരണത്തിനു ശ്രമിച്ചാലും അതു ഏശാന്‍ പോകുന്നില്ലെന്നതിന്റൈ സൂചനകൂടിയാണ് മോഹന്‍ ജോര്‍ജിന്റെ പ്രകടനം.
ഈ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ പല സൂചനകളും നല്‍കുന്നുണ്ട്. ഭരണകക്ഷിയായ എല്‍.ഡി.എഫിന് ഇത് ഒരു തിരിച്ചടിയായി കണക്കാക്കപ്പെടുമ്പോള്‍, പ്രതിപക്ഷമായ യു.ഡി.എഫിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ തിരിച്ചടിയായും ഈ ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തില്‍ വര്‍ഗീയത വിലപ്പോവില്ലെന്നു കൂടിയാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്.
Related News