പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്‌സ് പത്തനംതിട്ട സ്വദേശി രഞ്ജിത ആര്‍. നായരുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തിരിച്ചറിയാനുള്ള ഡി.എന്‍.എ പരിശോധനക്കായി രഞ്ജിതയുടെ അമ്മയുടെ രക്ത സാമ്പിള്‍ സ്വീകരിച്ചിരുന്നു. നേരത്തേ സഹോദരന്റെ ഡി.എന്‍.എ സാമ്പിള്‍ ഉപയോഗിച്ച് നടത്തിയ പരിശോധന വിഫലമായതോടെയാണ് അമ്മയുടെ സാമ്പിള്‍ സ്വീകരിച്ചത്. ഇതു യോജിക്കുകയായിരുന്നു. ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്‌കാരവും നാളെ നടക്കും. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തും. തുടര്‍ന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. വൈകീട്ടോടെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.
ബ്രിട്ടനിലെ പോട്സ് മൗത്തിലുള്ള ആശുപത്രിയിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്. അവധിക്കു ശേഷം ജോലിയില്‍ പ്രവേശിക്കുന്നതിനായി പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. ദീര്‍ഘകാലം ഒമാനിലും ഖത്തിറിലും ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുമ്പാണ് രഞ്ജിത യു.കെയിലേക്ക് ജോലിക്കായി പോയത്.
വീടു പണി പൂര്‍ത്തിയാക്കുന്നതിനും നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ നടപടിക്രമങ്ങള്‍ നടത്തുന്നതിനുമായാണ് രഞ്ജിത അവധിക്കു നാട്ടിലെത്തിയത്. രണ്ട് കുട്ടികളുടെ മാതാവാണ്.
Related News