ലീഡ്സ്: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിനെ നിയമിക്കുന്നതിനെ താന്‍ എതിര്‍ത്തിരുന്നുവെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ചരേക്കര്‍. ജസ്പ്രീത് ബുംറയായിരുന്നു നായകനാകാന്‍ ഏറ്റവും അനുയോജ്യനായ കളിക്കാരനെന്നും അദ്ദേഹത്തിന്റെ ആഗോള പ്രകടനം അതിന് തെളിവാണെന്നും മഞ്ചരേക്കര്‍ വ്യക്തമാക്കി. ആന്‍ഡേഴ്‌സണ്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ നായകനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് മഞ്ചരേക്കറുടെ ഈ വെളിപ്പെടുത്തല്‍.
നായകനായി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ശുഭ്മാന്‍ ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്സര്‍ക്കര്‍, വിരാട് കോഹ്ലി എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ ആദ്യ ദിനം 127 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നു.
'ഞാന്‍ അതിനെതിരായിരുന്നു, സത്യസന്ധമായി പറഞ്ഞാല്‍ ബുംറയായിരുന്നു കൂടുതല്‍ നല്ലതും യുക്തിസഹവുമായ തിരഞ്ഞെടുപ്പ് എന്ന് ഞാന്‍ കരുതി. ഭാവി കാര്യങ്ങള്‍ അധികം ചിന്തിക്കാതെ തന്നെ അതായിരുന്നു ശരിയായ തീരുമാനം. അതിനാല്‍ ഇത് ശരിയായ തീരുമാനമായിരുന്നെന്ന് ഞാന്‍ കരുതുന്നില്ല,' ജിയോസ്റ്റാറില്‍ സംസാരിക്കവെ മഞ്ചരേക്കര്‍ പറഞ്ഞു.
രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും വിരമിക്കുന്നതിന് മുന്‍പ് തന്നെ തന്റെ ശരീരം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് ബിസിസിഐയെ അറിയിച്ചിരുന്നതായി ജസ്പ്രീത് ബുംറ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ഗില്ലാണ് ഏറ്റവും മികച്ച ഓപ്ഷനെന്ന് സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
'എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഒരു നായകനെന്ന നിലയില്‍ പരാജയപ്പെടുമായിരുന്നോ? ഇല്ല,' തന്റെ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് മഞ്ചരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു നായകനെന്ന നിലയില്‍, മാനസികമായി അയാള്‍ക്ക് നായകസ്ഥാനത്തിന്റെ ആശങ്കകള്‍ ഉണ്ടായിരിക്കില്ലെന്നും അത് അയാളുടെ പ്രകടനത്തെ ബാധിക്കില്ലെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. അത് ഞങ്ങള്‍ക്ക് അറിയാമായിരുന്ന കാര്യമാണ്. ഞങ്ങളുടെ ഏക സംശയം വിദേശ ക്രിക്കറ്റില്‍ അയാള്‍ ഇപ്പോഴും ഒരു വളര്‍ന്നു വരുന്ന കളിക്കാരനാണ് എന്നതായിരുന്നു. വിദേശ ക്രിക്കറ്റില്‍ കാര്യമായ സ്വാധീനം ചെലുത്താത്ത ഒരു കളിക്കാരന് നായകസ്ഥാനത്തിന്റെ അധിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുമോ എന്നതിനെക്കുറിച്ച് ചില ചോദ്യങ്ങളുണ്ടായിരുന്നു,' മഞ്ചരേക്കര്‍ പറഞ്ഞു.
Related News