റിയാദ്: സൗദി അറേബ്യയുടെ എക്സ്പ്രസ് ഡെലിവറി വിപണിയില്‍ മത്സരം ശക്തമാകുന്നു. പ്രമുഖ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനികളായ മീറ്റുവാനും ജെഡി.കോമും പ്രാദേശിക വിപണി പിടിച്ചെടുക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്.
മീറ്റുവന്‍ തങ്ങളുടെ കീറ്റാ ഫുഡ് ഡെലിവറി സേവനം ആരംഭിക്കുന്നതിനായി 100 കോടി സൗദി റിയാല്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബീജിംഗ് ആസ്ഥാനമായുള്ള ജെഡി.കോം തങ്ങളുടെ അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി രാജ്യത്ത് ജോയ്എക്സ്പ്രസ് എക്സ്പ്രസ് ഡെലിവറി സേവനം ആരംഭിക്കുന്നതായി വെളിപ്പെടുത്തിയത്.
പ്രധാന സൗദി നഗരങ്ങളില്‍ ഡെലിവറി വേഗത്തിലാക്കുന്നതിലാണ് ജെഡി.കോം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ്സുകളില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള സമയം കുറയ്ക്കാനും അതേ ദിവസം തന്നെ ഡെലിവറി സാധ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജെഡി.കോം രാജ്യത്തിനുള്ളില്‍ വെയര്‍ഹൗസുകള്‍, ഗതാഗതം, സോര്‍ട്ടിംഗ് സെന്ററുകള്‍ എന്നിവയുടെ ഒരു സംയോജിത ശൃംഖല നിര്‍മ്മിക്കാനും ഡെലിവറി സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഇത് സൗദിയിലെ ലോജിസ്റ്റിക്സ് മേഖലയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Related News