മട്ടാഞ്ചേരി: കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ 'ആശ ' (ഓള്‍ ആര്‍ട്ടിസ്റ്റ്‌സ് സേവ് അസോസിയേഷന്‍) യുടെ പ്രസിഡന്റ് കൊച്ചിന്‍ വര്‍ഗ്ഗീസ് നിര്യാതനായി. മലയാളിയുടെ ഉത്സവ രാവുകളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത ഗായകനും, നടനും, രചയിതാവും, സംഗീതസംവിധായകനുമാണ് കെ.ജെ. വര്‍ഗ്ഗീസ് എന്ന കൊച്ചിന്‍ വര്‍ഗ്ഗീസ്. പള്ളുരുത്തി കടുവാശ്ശേരി വീട്ടില്‍ 1938 സെപ്തംബര്‍ 20 ന് ജോസഫ് -ഫിലോമിനാ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യത്തില്‍ തന്നെ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പിതാവില്‍ നിന്നും നിന്നും പകര്‍ന്നു കിട്ടി. പിതാവാണ് കാലാരംഗത്തെത്തുവാന്‍ വര്‍ഗ്ഗീസിന് പ്രചോദനമായത്. പ്രൊഫഷണല്‍ നാടകങ്ങളിലെ ഗായകനാകണമെന്നതായിരുന്നു മോഹം. കുരിശുപള്ളികളിലും, ഭജനസമിതികളിലും പാടാന്‍ അവസരം ലഭിച്ചപ്പോള്‍ സംഗീതജ്ഞനായ കെ. എം. നടേശന്‍ മാസ്റ്റര്‍ വര്‍ഗ്ഗീസിന്റെ സ്വരമാധുരി തിരിച്ചറിഞ്ഞ് കൂടെ കൂട്ടുകയായിരിന്നു. 22 വയസ്സുള്ളപ്പോള്‍ കേരള കോണ്‍ഗ്രസ്സ് രൂപികരിച്ചതിന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ ഒരു രാഷ്ട്രീയഗാനം പാടിയത് ജീവിതത്തില്‍ വഴിത്തിരിവായി മാറി. തുടര്‍ന്ന് കലാരംഗത്തു ഒരു ജൈത്രയാത്ര തന്നെ നടത്തി. കോട്ടയം കേരള ആര്‍ട്ട് തിയ്യറ്റേഴ്‌സിനു വേണ്ടി 'ഓലക്കാലി പീലിയും കൊണ്ട് ' എന്ന ഗാനത്തിലൂടെ പ്രൊഫഷണല്‍ നാടകത്തിലെത്തി. കായകുളം പീപ്പിള്‍ തി യേറ്റേഴ്‌സ്, വൈക്കം മാളവിക, കൊച്ചിന്‍ സനാതന തുടങ്ങിയ നിരവധി സമിതികളില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. 20-ഓളം നാടകങ്ങളും സംവിധാനം ചെയ്തു. കേരള സംഗീത നാടക അക്കാദമിയുടെ 'ഗുരുപൂജ' അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ലോക നാടക വേദിയുടെ ഫോര്‍ട്ടുകൊച്ചിയിലെ അമരക്കാരനുമായിരുന്നു വര്‍ഗ്ഗീസ്.
ഭാര്യ : ആനി. മക്കള്‍: ലിസി, സോണി, ജാന്‍സി ,സോജന്‍, ആന്‍സ, ബേബി.
Related News