നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം 73.26%. ശതമാനമാണ് പോളിങ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 76.06 ശതമാനമായിരുന്നു പോളിങ്. അതേസമയം നിലമ്പൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങാണു ഇന്നു രേഖപ്പെടുത്തിയത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28% ആയിരുന്നു പോളിംങ്.
കനത്ത മഴയിലും രാവിലെ മുതല്‍ കനത്ത പോളിങ് ആയിരുന്നു. പിന്നീട് അല്‍പം തിരക്ക് കുറവ് അനുഭവപ്പെട്ടുവെങ്കിലും ഉച്ചയോടെ വോട്ടര്‍മാരുടെ നീണ്ടനിര പവയിടത്തും കാണാമായിരുന്നു. വൈകിട്ട് ആറു മണിയോടെ വോട്ടര്‍മാരുടെ തിരക്ക് കൂടി. ആറു മണിക്കു മുന്‍പായി ബൂത്തുകളില്‍ എത്തിയ എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു.
പോളിങ് ഉയര്‍ന്നത് യു.ഡി.എഫിന് ഗുണകരമാണെന്ന് പ്രചാരണ സമിതി കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രചാരണ സമിതി കണ്‍വീനര്‍ എ. വിജയരാഘവനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത് സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.
Related News