കൊച്ചി: സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി രണ്ട് അത്യന്താധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ വച്ചു നടന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണം ചെയ്തത്.
ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ് – 28 മീറ്റർ വരെ ഉയരത്തിലുള്ള രക്ഷാപ്രവർത്തനത്തിനും അഗ്നിശമന പ്രവർത്തനങ്ങൾക്കും ഉപകരണം ഉപയോഗിക്കാനാവും. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് 250 കിലോഗ്രാം വരെ ഭാരമെടുക്കാനുമുള്ള ശേഷിയുണ്ട്.
മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് – അപകടകരമായ സ്ഥലങ്ങളിലേക്ക് ചെന്നുകയറി അഗ്നിശമന പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളതാണ് ഈ റോബോട്ട്. റിമോട്ടുകൊണ്ട് നിയന്ത്രിക്കാനാവുന്ന റോബോട്ടിൽ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 360 ഡിഗ്രിയിലും തീയണക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം.
പുതിയ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത തെളിയിക്കുന്ന പ്രദർശനവും ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജയരാജൻ വി, സജി.കെ ജോർജ്, എയർപോർട്ട് ഡയറക്ടർ മനു. ജി, എ.ആർ.എഫ്.എഫ് ഹെഡ് സോജൻ കോശി, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Related News