മാനവരാശിയുടെയാകെ ഹൃദയം നുറുങ്ങുന്ന വാര്‍ത്തകളാണ് ദുരിതഭൂമിയായ ഫലസ്തീനില്‍ നിന്നും കേള്‍ക്കുന്നത്. വംശവെറി മാറാത്ത ഇസ്രായേല്‍ നിരാലംബരും നിരായുധമായ ഒരുപറ്റം മനുഷ്യരുടെ മേല്‍ കാലങ്ങളായി തീ ചൊരിയുകയാണ്. ആ മനുഷ്യര്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് നേരെ ലോകം കണ്ണടയ്ക്കുമ്പോള്‍, ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് ആ മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന നിലപാടുകളാണ് കേള്‍ക്കുന്നത്. കുറച്ച് മുമ്പ് മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഗാരി ലിനേക്കര്‍ ഫലസ്തീന്‍ അനുകൂല നിലപാട് എടുത്തതിന്റെ പേരില്‍ ബിബിസിയിലെ അവതാരക സ്ഥാനം രാജി വെച്ചിരുന്നു. എക്‌സില്‍ ഫലസ്തീനെ അനുകൂലിച്ചുള്ള ലിനേക്കറുടെ പോസ്റ്റില്‍ ജൂതവിരുദ്ധ ചിഹ്നം ഉള്‍പ്പെട്ടു എന്ന വിമര്‍ശനത്തിന് പിന്നാലെയാണ് ലിനേക്കര്‍ ബിബിസിയില്‍ നിന്ന് പടിയിറങ്ങിയത്. കഴിഞ്ഞ 26 വര്‍ഷമായി ആ ചാനലില്‍ 'മാച്ച് ഓഫ് ദി ഡേ ' എന്ന പരിപാടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട് ലിനേക്കര്‍. ബിബിസിയുടെ തന്നെ ഒ ടി ടി പ്ലാറ്റ്‌ഫോമായ ഐ പ്ലെയറിന് വേണ്ടി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹുമായുള്ള ഒരു ഡോക്യുമെന്ററി അദ്ദേഹം തയ്യാറാക്കിയിരുന്നു. അതില്‍ ഏതൊരു മനുഷ്യന്റെയും ഹൃദയം നുറുങ്ങുന്ന ഗസ്സയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവുമെന്ന ആശങ്കയില്‍ ആ ഡോക്യുമെന്ററി ബിബിസി നീക്കം ചെയ്തിരുന്നു. ലോബിയിങ്ങിന് വഴങ്ങിയാണ് അത് നീക്കം ചെയ്തതെന്ന് ഗാരി ലിനേക്കര്‍ അന്ന് തുറന്നടിച്ചിരുന്നു.
ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും ഫലസ്തീനോടുള്ള തന്റെ സ്‌നേഹം ശക്തമായ ഭാഷയില്‍ തന്നെ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം പ്രസംഗിക്കവേ ഗ്വാര്‍ഡിയോള ഗസ്സക്കു വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. ഗസ്സയിലെ കാഴ്ചകള്‍ വളരെ വേദന നിറഞ്ഞതാണെന്നും ലോകരാജ്യങ്ങള്‍ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
'ഗസ്സയില്‍ നാം കാണുന്ന കാഴ്ചകള്‍ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയും വലിയ തോതില്‍ വേദനിപ്പിക്കുന്നുണ്ട്. ഒരു കാര്യം ഞാന്‍ വ്യക്തമാക്കട്ടെ. ഇത് ആശയധാരകളുടെ വിഷയമല്ല. ഞാന്‍ ശരിയും നീ തെറ്റെന്നുമുള്ള വാദങ്ങളുടെ കാര്യവും അല്ല. ഇത് ജീവിതത്തോടുള്ള സ്‌നേഹത്തെക്കുറിച്ച് മാത്രമാണ്. നിങ്ങളുടെ അയല്‍ക്കാരോടുള്ള കരുതലിനെ കുറിച്ചുമാണ്. നാലു വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ പോലും കൊല്ലപ്പെടുന്നത് നാം കാണുകയാണ്. പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികള്‍ പോലും അവര്‍ കൊലക്കളങ്ങളാക്കുന്നു. അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ലെന്ന് നാം കരുതുന്നു. അങ്ങനെയാവട്ടെ. അത് നമ്മുടെ കാര്യമല്ലെന്ന് നമുക്ക് കരുതാം. എന്നാല്‍ ഒരു കാര്യം നാം ശ്രദ്ധിക്കുക. അടുത്തത് നമ്മളായിരിക്കും. നമ്മുടെ കുഞ്ഞുങ്ങളായിരിക്കും. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചത് മുതല്‍ എല്ലാദിവസവും എന്റെ മക്കളായ മരിയയെയും മാരിയസിനെയും വലന്റിനെയും കാണുമ്പോള്‍ ഞാന്‍ ശരിക്കും ഭയപ്പെടുകയാണ്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നിടത്ത് നിന്ന് വളരെ അകലെയാണല്ലോ ഇതെല്ലാം സംഭവിക്കുന്നതെന്ന് നാം കരുതിയേക്കാം. നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നാം ചോദിച്ചേക്കാം. എന്റെ ഓര്‍മ്മയിലുള്ള ഒരു കഥ ഞാന്‍ പറയാം. ഒരു കാട്ടില്‍ തീ പടരുകയാണ്. എല്ലാ മൃഗങ്ങളും വല്ലാതെ ഭയപ്പെട്ടു. എന്നാല്‍ ഒരു ചെറിയ പക്ഷി സമുദ്രത്തിലേക്ക് നിരന്തരം പറന്ന് തന്റെ കൊക്കില്‍ ഇത്തിരി വെള്ളവുമായി തിരികെ വന്ന് കത്തിയാളുന്ന തീയിലേക്ക് കുടയുകയാണ്. ഇത് കണ്ട ഒരു പാമ്പ് പറഞ്ഞു. പക്ഷി നിന്നെക്കൊണ്ട് ഈ തീയണക്കാന്‍ ഒരിക്കലും സാധിക്കില്ല. പക്ഷി മറുപടി നല്‍കി. എനിക്കറിയാം എന്നെക്കൊണ്ട് സാധിക്കില്ലെന്ന്. പാമ്പ് ചോദിച്ചു. പിന്നെ എന്തിനാണ് ഈ പാഴ് വേല? പക്ഷി അവസാനമായി പറഞ്ഞു. എന്നെക്കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്യുകയാണ്. പക്ഷിക്കറിയാം ആ കാട്ടുതീ തനിക്ക് അണക്കാന്‍ കഴിയില്ലെന്ന്. പക്ഷേ തന്നെ കൊണ്ടാവുന്നത് ആ പക്ഷി ചെയ്യുന്നു. ഒരു മാറ്റമുണ്ടാക്കാന്‍ നാം ഓരോരുത്തരും തീരെ ചെറുതാണെന്ന് നമ്മോടു തന്നെ പറയുന്ന ഈ ലോകത്ത് ഈ കഥ എന്നെ ഓര്‍മിപ്പിക്കുന്നത് ഒരാളുടെ ശക്തിയെക്കുറിച്ചല്ല. മറിച്ച് തന്നാലാവുന്നത് ചെയ്യാനുള്ള തീരുമാനത്തെ കുറിച്ചാണ്. അത് പ്രകടിപ്പിക്കുന്നതിനെക്കുറിച്ചും ആവശ്യമായ സമയത്ത് നിശബ്ദരായി ഇരിക്കരുതെന്നതിനെ കുറിച്ചുമാണ്. '
അന്താരാഷ്ട്ര മര്യാദകളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി ഇസ്രായേല്‍ ഒരുപറ്റം മനുഷ്യര്‍ക്കുമേല്‍ തീ ചൊരിയുമ്പോള്‍ ഇത്തരം നിലപാടുകളും ചേര്‍ത്ത് പിടിക്കലും ഒരുതരത്തില്‍ വലിയ ആശ്വാസം തന്നെയാണ്.
( ചിത്രം AI സൃഷ്ടിച്ചത്)
-മുനീര്‍ വാളക്കുട
Related News