പത്തനംതിട്ട: അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് മരിച്ച പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ജി നായരുടെ (38) വേര്‍പാട് നാട്ടുകാര്‍ക്കും സലാലയിലെ പ്രവാസി കൂട്ടുകാര്‍ക്കും വേദനയായി. കുടുംബത്തിനാകട്ടെ രഞ്ജിതയുടെ മരണം തീരാനഷ്്ടമാണുണ്ടാക്കിയത്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് അമ്മയെ വിളിച്ച് രഞ്ജിത സംസാരിച്ചിരുന്നു. സര്‍ക്കാര്‍ ജോലി എന്ന സ്വപ്ന സാക്ഷാത്കാരം പരിപൂര്‍ണമായി സാക്ഷാതകരിക്കും മുന്‍പാണ് രഞ്ജിത വിയോഗം. സര്‍ക്കാര്‍ ജോലി കിട്ടിയെങ്കിലും അവധിയിലായിരുന്നു. വീടുപണി പൂര്‍ത്തിയാക്കി അധികം വൈകാതെ മക്കളോടൊത്ത് സര്‍ക്കാര്‍ ജോലിയുമായി നാട്ടില്‍ കഴിയാമെന്ന രഞ്ജിതയുടെ മോഹമാണ് അഹമ്മദാബാദ് വിമാനദുരത്തില്‍ അസ്തമിച്ചത്.
പുല്ലാട് സ്വദേശിനിയായ രഞ്ജിത യു.കെയിലെ പോട്സ് മൗത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഒമാനില്‍ ഒന്‍പതു വര്‍ഷത്തോളം ജോലിചെയ്ത ശേഷമാണ് യുകെയിലേക്ക് പോയത്. പി.എസ്.സി വഴി വീടിന് അടുത്തുള്ള കോഴഞ്ചേരി ജില്ല ആശുപത്രിയിലാണ് ജോലി ലഭിച്ചത്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നാട്ടിലെത്തിയതായിരുന്നു. ഈ സമയത്ത് വീടുപണി ഏറെക്കുറെ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് വീണ്ടും യു.കെയിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ചെങ്ങന്നൂരില്‍നിന്ന് ട്രെയിനില്‍ ചെന്നൈയിലേക്ക് യാത്രയായി. അവിടെ നിന്ന് കണക്ടഡ് വിമാനത്തില്‍ അഹമ്മദാബാദിലെത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പാണ് അമ്മയെ വിളിച്ചത്. ഇന്ദുചൂഡന്‍ (പുല്ലാട് എസ്.വി.എച്ച്.എസ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി), ഇദിക (ഇരവിപേരൂര്‍ ഒ.ഇ.എം സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി) എന്നിവര്‍ മക്കളാണ്.
ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ ഒമ്പത് വര്‍ഷം സ്റ്റാഫ് നഴ്‌സായിരുന്നു രഞ്ജിത. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പാണ് യു.കെയിലേക്ക് പോയത്. രഞ്ജിതയുടെ മരണം സലാലയിലെ സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി.
Related News