ദുബായ്- ഇറാനുമായുള്ള യു.എസ് ആണവ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ആഗോള എണ്ണവില ഇടിഞ്ഞു. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മിഡില്‍ ഈസ്റ്റില്‍നിന്ന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള യുഎസ് തീരുമാനമാണ് വിപണിയില്‍ പ്രത്യാഘാതമുണ്ടാക്കിയത്.
സൗദി സമയം രാവിലെ 9:30-ന് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 49 സെന്റ് അഥവാ 0.7 ശതമാനം കുറഞ്ഞ് ഒരു ബാരലിന് 69.28 ഡോളറിലെത്തി. അതേസമയം, യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 41 സെന്റ് അഥവാ 0.6 ശതമാനം കുറഞ്ഞ് ഒരു ബാരലിന് 67.74 ഡോളറായി.
നേരത്തെ, ബ്രെന്റും ഡബ്ലിയു.ടി.ഐയും 4 ശതമാനത്തിലധികം ഉയര്‍ന്ന് ഏപ്രില്‍ ആദ്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.
മിഡില്‍ ഈസ്റ്റ് 'അപകടകരമായ ഒരിടം' ആയതുകൊണ്ടാണ് യുഎസ് ഉദ്യോഗസ്ഥരെ മാറ്റുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം കൈവശം വെക്കാന്‍ യുഎസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആണവ പ്രവര്‍ത്തനം സമാധാനപരമാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കം എണ്ണ വിതരണത്തില്‍ തടസ്സമുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഇരുപക്ഷവും കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നത്.
ഇറാന്റെ പ്രതികരണം യു.എസിന്റെ നീക്കത്തെ ആശ്രയിച്ചിരിക്കുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക് ഓസ്ട്രേലിയയിലെ മൈനിംഗ് ആന്‍ഡ് എനര്‍ജി കമ്മോഡിറ്റീസ് റിസര്‍ച്ച് ഡയറക്ടര്‍ വിവേക് ധര്‍ പറഞ്ഞു. 'വില കുറയുന്നത് യുക്തിസഹമാണ്, എന്നാല്‍ യു.എസ്-ഇറാന്‍ ആണവ ചര്‍ച്ചകളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതുവരെ ബാരലിന് 65 ഡോളറിന് മുകളില്‍ ബ്രെന്റ് നിലനിര്‍ത്തുന്നതിന് സാധ്യതയുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ വര്‍ദ്ധിച്ച സുരക്ഷാ ഭീഷണി കാരണം യു.എസ് തങ്ങളുടെ ഇറാഖ് എംബസി ഭാഗികമായി ഒഴിപ്പിക്കാനും സൈനിക ആശ്രിതരെ മിഡില്‍ ഈസ്റ്റിലെ സ്ഥലങ്ങളില്‍നിന്ന് മാറ്റാനും തയ്യാറെടുക്കുകയാണെന്ന് റോയിട്ടേഴ്‌സ് ബുധനാഴ്ച യുഎസ്, ഇറാഖി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ കഴിഞ്ഞാല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ദ പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസിലെ (ഒപെക്) രണ്ടാമത്തെ വലിയ അസംസ്‌കൃത എണ്ണ ഉത്പാദകരാണ് ഇറാഖ്.
Related News