യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ കരുത്തരായ സ്‌പെയിനിനെ നേരിടാന്‍, മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മനസ്സില്‍ ചില ദൃഢനിശ്ചയങ്ങള്‍ രൂപപ്പെട്ടിരിക്കണം. തനിക്കിനി കാല്‍പന്ത് മൈതാനങ്ങളില്‍ ദീര്‍ഘകാലം സഞ്ചരിക്കാന്‍ കഴിയില്ലെന്നും, തന്റെ പ്രായം 40 കഴിഞ്ഞെന്നും ഉള്‍വിളിയുണ്ടായിരിക്കണം. എതിരാളികളായി അപ്പുറത്തുള്ളത് സ്പാനിഷ് യുവനിരയാണ്.
വര്‍ത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും മികവുറ്റ ടീമുകളില്‍ ഒന്ന്. ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, പൗ കുബാര്‍സി, ഡീന്‍ ഹുയിസെന്‍
തുടങ്ങിയ മൂര്‍ച്ചയേറിയ അസ്ത്രങ്ങളാണ് സ്പാനിഷ് സംഘത്തിന്റെ കരുത്ത്. അവരെ കുരുക്കാന്‍ വിറ്റിന്‍ഹ, നൂനോ മെന്‍ഡസ്, റൂബന്‍ ഡയസ്, റാഫേല്‍ ലിയോ, ജോവോ നെവസ് തുടങ്ങിയ പോരാളികള്‍ തന്റെ പാളയത്തിലും ഉണ്ടെന്ന് നായകനായ അയാള്‍ക്ക് അറിയാമായിരുന്നു. അയാള്‍ അവരെ പ്രചോദിപ്പിച്ചു. അവര്‍ക്ക് കരുത്ത് പകര്‍ന്നു. മത്സരത്തില്‍ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഇരു ടീമുകളും ഒപ്പം നിന്നു. ഇരുപത്തിയൊന്നാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെ നീക്കത്തില്‍ നിന്ന് മാര്‍ട്ടിന്‍ സുബിമെന്‍ഡി സ്പാനിഷ് സംഘത്തെ മുന്നിലെത്തിച്ചു. അതോടെ ആക്രമണം കടുപ്പിച്ച പറങ്കിപ്പട ഇരുപത്തിയാറാം മിനിറ്റില്‍ നൂനോ മെന്‍ഡസിലൂടെ സമനില പിടിച്ചു. എന്നാല്‍ ഇടവേളക്ക് തൊട്ടുമുമ്പ് മൈക്കല്‍ ഒയര്‍സാബല്‍ ലാ റോജകള്‍ക്ക് ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗീസ് നിരയില്‍ രണ്ട് മാറ്റങ്ങള്‍ വന്നു. ജാവോ നെവസിന് പകരം റൂബന്‍ നെവസും ഫ്രാന്‍സിസ്‌കോ കോണ്‍സിസാവോക്ക് പകരം സെമെഡോയും വന്നത് ടീമിന് ഗുണം ചെയ്തു തുടങ്ങി. 61 -ആം മിനിറ്റില്‍ നായകന്‍ റൊണാള്‍ഡോ തന്നെ ടീമിനുവേണ്ടി ഗോള്‍ നേടി. പിന്നീട് ഗോളുകള്‍ പിറന്നില്ലെങ്കിലും മത്സരത്തിന് ആവേശവും തീവ്രതയും കൈവന്നു. നിരന്തരമുള്ള സ്പാനിഷ് മുന്നേറ്റങ്ങളെ നൂനോ മെന്‍ഡസിന്റെ നേതൃത്വത്തില്‍ പറങ്കി പ്രതിരോധം തടഞ്ഞുനിര്‍ത്തി.
85-ാം മിനിറ്റില്‍ പേശിവലിവ് കാരണം റൊണാള്‍ഡോ പുറത്തായെങ്കിലും പോര്‍ച്ചുഗല്‍ പതറിയില്ല. പകരം വന്ന ഗോണ്‍സാലോ റാമോസും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. സ്പാനിഷ് സംഘത്തിന്റെ നട്ടെല്ലായ ലാമിന്‍ യമാലിനെ നൂനോ മെന്‍ഡസ് നിഴല്‍ പോലെ പിന്തുടര്‍ന്ന് പ്രതിരോധിച്ചത് പോര്‍ച്ചുഗീസ് ടീമിന് ഗുണം ചെയ്തു. നിശ്ചിത സമയത്ത് ഗോളുകള്‍ ഒന്നും പിറക്കാതെ ആയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. അപ്പോഴും ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടിയില്ല. ഷൂട്ടൗട്ടിലേക്ക് കടന്നപ്പോള്‍ റൊണാള്‍ഡോ തന്റെ സഹതാരങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്നു. അവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ അയാള്‍ അതിയായി സന്തോഷിച്ചു. ഷൂട്ടൗട്ടിലെ നാലാമത്തെ കിക്കെടുക്കാന്‍ സ്പാനിഷ് നായകന്‍ അല്‍വാരോ മൊറാട്ട നടന്നടുക്കുമ്പോള്‍ റൊണാള്‍ഡോ കൈകള്‍ മുകളിലോട്ട് ഉയര്‍ത്തി പ്രാര്‍ത്ഥനയിലായിരുന്നു. പരിചയസമ്പന്നനായ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയാഗോ കോസ്റ്റ തട്ടിയകറ്റിയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ ദൈവത്തെ സ്തുതിച്ചു. പോര്‍ച്ചുഗലിന്റെ അവസാന കിക്കെടുത്ത റൂബന്‍ ഡയസും ലക്ഷ്യം കണ്ടതോടെ, തന്റെ രാജ്യം തന്റെ സാന്നിധ്യത്തില്‍ മറ്റൊരു രാജ്യാന്തര കിരീടം കൂടി നേടിയെന്ന ആഹ്ലാദം അയാളെ വികാരനിര്‍ഭരനാക്കി.
റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന മൂന്നാം രാജ്യാന്തര കിരീടമാണത്. റൊണാള്‍ഡോ ബൂട്ട് കെട്ടിയതിനു ശേഷം മാത്രമാണ് പോര്‍ച്ചുഗല്‍ രാജ്യാന്തര ടൂര്‍ണമെന്റുകളുടെ ഫൈനല്‍ കളിച്ചിട്ടുള്ളത്. 2004, 2016 യൂറോകപ്പ് 2019, 2025 യുവേഫ നാഷന്‍സ് ലീഗ് എന്നീ ടൂര്‍ണമെന്റുകളിലാണത്. അതില്‍ മൂന്ന് തവണയും പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായി. അയാള്‍ പോര്‍ച്ചുഗലിന്റെ വീരപുത്രന്‍ ആണെന്ന് അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അയാള്‍ തീര്‍ത്ത വിസ്മയത്തിന്റെ കാലവും ഇന്ദ്രജാല രാവുകളും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒന്നാണ്. മത്സരത്തിന് ശേഷം അയാള്‍ പറഞ്ഞു. ' എനിക്ക് എത്ര വയസ്സായി എന്ന് നിങ്ങള്‍ക്കറിയാം. ഞാന്‍ കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ്. എങ്കിലും എനിക്ക് എല്ലാ നിമിഷങ്ങളും ആസ്വദിക്കണം. ഗുരുതരമായ പരിക്കുകള്‍ ഒന്നും പറ്റിയില്ലെങ്കില്‍ മുന്നോട്ടുള്ള എന്റെ യാത്ര തുടരും. ക്ലബ്ബ് കരിയറില്‍ എനിക്ക് ധാരാളം കിരീടങ്ങളുണ്ട്. എന്നാല്‍ പോര്‍ച്ചുഗലിനായി നേടുന്നത് പോലെ സന്തോഷം തരുന്ന മറ്റൊന്നുമില്ല. ' അയാള്‍ പന്ത് തട്ടിയ കാലം തന്നെയാണ് ഫുട്‌ബോളിന്റെ സുന്ദരകാലം.
-മുനീര്‍ വാളക്കുട
Related News