ഇന്ന് മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തില്‍ യുവേഫ നാഷന്‍സ് ലീഗിന്റെ ഫൈനലില്‍ കരുത്തരായ പോര്‍ച്ചുഗലും യൂറോ ചാമ്പ്യന്മാരായ സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. രണ്ടു പതിറ്റാണ്ടോളമായി ലോക ഫുട്‌ബോളിന്റെ നെറുകയില്‍ നില്‍ക്കുന്ന നാല്പതുകാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആധുനിക ഫുട്‌ബോളിലെ അത്ഭുതപ്രതിഭയായ പതിനേഴ് വയസ്സുള്ള ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്ന ആവേശ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.
2018-19-ലാണ് യുവേഫ നാഷന്‍സ് ലീഗ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ടൂര്‍ണമെന്റില്‍ ആദ്യ ജേതാക്കള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലായിരുന്നു. അടുത്ത തവണ ഫ്രാന്‍സ് ചാമ്പ്യന്മാരായപ്പോള്‍, കഴിഞ്ഞ തവണത്തെ ജേതാക്കള്‍ സ്‌പെയിന്‍ തന്നെയായിരുന്നു. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12- 30 ന് ആരംഭിക്കുന്ന മത്സരത്തില്‍ ഫുട്‌ബോള്‍ നിരീക്ഷകര്‍ നേരിയ സാധ്യത കല്‍പ്പിക്കുന്നത് സ്‌പെയിനിന് തന്നെയാണ്. സ്‌പെയിന്‍ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ തന്ത്രങ്ങളും, യുവതാരങ്ങളുടെ അടങ്ങാത്ത പോരാട്ടവീര്യവുമാണ്
' ലാ റോജ'കളുടെ കരുത്തായി കാണുന്നത്. പ്രതിരോധനിരയില്‍ ഡീന്‍ ഹുയിസെന്‍, പൗ കുമ്പാര്‍സി, മാര്‍ക്ക് കുക്കുറെല്ല എന്നീ യുവതാരങ്ങളും ഒപ്പം ഐമറിക്ക് ലപോര്‍ട്ട, ഡീന്‍ കാര്‍വാജല്‍ എന്നിവരുടെ അനുഭവസമ്പത്തും സ്‌പെയിനിനെ കരുത്തരാക്കും. റോഡ്രിയും ഗാവിയും മൈക്കല്‍ മെറീനോയും പെഡ്രിയും അണിനിരക്കുന്ന കരുത്തുറ്റ മധ്യനിര ലാ ഫ്യൂന്റെയുടെ ആശ്വാസമാണ്. മുന്നേറ്റ നിരയില്‍ വര്‍ത്തമാനകാല ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ ലാമിന്‍ യമാലും നിക്കോ വില്യംസും ഏത് മികച്ച ടീമിനും കടുത്ത വെല്ലുവിളിയാണ്. അവര്‍ക്കൊപ്പം ഡാനി ഓള്‍മോ, അല്‍വാരോ മൊറാട്ട, മൈക്കല്‍ ഒയര്‍സാബല്‍ എന്നിവരുടെ പരിചയസമ്പത്തും കൂടിച്ചേരുമ്പോള്‍ ഫുട്‌ബോള്‍ പണ്ഡിറ്റുകളുടെ നിരീക്ഷണത്തിന് അര്‍ത്ഥമുണ്ട്.
പക്ഷേ എതിരാളികള്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് എന്നുള്ളത് ലാ ഫ്യൂന്റെയെയും സ്പാനിഷ് ക്യാമ്പിനെയും അസ്വസ്ഥമാക്കുന്നുണ്ടാവണം. പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് ഏത് തന്ത്രങ്ങളാവും സ്പാനിഷ് സംഘത്തിനെതിരെ കരുതിവെച്ചിട്ടുണ്ടാവുക. ജോവോ കാന്‍സലോയും റൂബന്‍ ഡയസും നൂനോ മെന്‍ഡസും ഗോണ്‍സാലോ ഇനാസിയോയും കാവല്‍ നില്‍ക്കുന്ന പ്രതിരോധനിര തകര്‍ക്കുക അത്ര എളുപ്പമാവില്ല. നിക്കോ വില്യംസും യമാലും നല്ലതുപോലെ വിയര്‍ക്കേണ്ടി വരുമെന്ന് സാരം. ബ്രൂണോ ഫെര്‍ണാണ്ടസും ബര്‍ണാഡോ സില്‍വയും വിറ്റിന്‍ഹയും ഉള്‍പ്പെട്ട പറങ്കികളുടെ മധ്യനിര കരുത്തുറ്റതാണ്. ഒപ്പം പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ഇടപെടുന്ന ജോവോ നെവസ് എന്നാ യുവതാരവും കൂടിച്ചേരുമ്പോള്‍ സ്‌പെയിനിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. മുന്നേറ്റ നിരയില്‍ റാഫേല്‍ ലിയോ ഫ്രാന്‍സിസ്‌കോ കോണ്‍സിസാവോ എന്നിവര്‍ക്കൊപ്പം സാക്ഷാല്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും കൂടിച്ചേരുമ്പോള്‍ ഒരു ക്ലാസിക് പോരാട്ടം തന്നെയാണ് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 40കാരനായ റൊണാള്‍ഡോയുടെ അനുഭവസമ്പത്തും 17കാരനായ ലാമിന്‍ യമാലിന്റെ മിന്നല്‍പിണര്‍ പോലെ വേഗതയുള്ള നീക്കങ്ങളും കാണാന്‍ ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുകയാണ്. അവസാന ചിരി ആരുടേതെന്ന് ഇന്ന് രാത്രി മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ കാണാം.
-മുനീര്‍ വാളക്കുട
Related News