ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവ ഡോക്ടര്‍ മരിച്ച നിലയില്‍. സേലത്ത് എംഡിക്ക് പഠിക്കുകയായിരുന്ന ഡോ.ജോഷ്വ സാംരാജ് ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. തമിഴ്നാട് കൊടൈക്കനാലിനടുത്ത് പൂംമ്പാറയില്‍ മൂന്നുദിവസമായി നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പഠനത്തോടൊപ്പം ഡോ. ജോഷ്വ മധുരയിലെ ഒരാശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ദിവസമായി അപരിചിതമായ വാഹനം പ്രദേശത്ത് കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായാണ് കുറിപ്പിലുള്ളത്. എന്നാല്‍ മരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല. പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു യുവാവെന്ന് ബന്ധുക്കള്‍ പറയുന്നു. ഡോക്ടര്‍ക്ക് കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നുവെന്നും ഇതാണോ ജീവനൊടുക്കാന്‍ കാരണമെന്നും സംശയമുണ്ട്. കാറിനുള്ളിലിരുന്ന് ഐവി ഫ്‌ളൂയിഡ് ശരീരത്തില്‍ കുത്തിവച്ചാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് പറഞ്ഞു.
Related News