ജിദ്ദ- സൗദി അറേബ്യയുടെ നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന മേഖലകളിലേക്ക് നിക്ഷേപം ഒഴുകുന്നത് തുടരുന്നു. ഉയര്‍ന്ന നിലവാരമുള്ള ഓഫീസ് സ്ഥലങ്ങള്‍ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഈ വളര്‍ച്ചക്ക് പിന്നില്‍. ഒരു പുതിയ പഠനം അനുസരിച്ച്, ഉയര്‍ന്ന നിലവാരമുള്ള ഓരോ ചതുരശ്ര മീറ്ററിനും ശരാശരി 2,400 ഡോളറിലധികം ചെലവഴിക്കുന്ന ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടുന്നു. ഇത് ആഗോള ശരാശരിയായ 1,830 ഡോളറിനേക്കാള്‍ വളരെ കൂടുതലാണ്.
ജെ.എല്‍.എല്‍. അടുത്തിടെ നടത്തിയ പഠനം യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ നിര്‍മ്മാണ മേഖല നേരിടുന്ന സങ്കീര്‍ണ്ണമായ സമ്മര്‍ദ്ദങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ 12 മാസത്തിനിടെ ഓഫീസ് ഫിറ്റ്-ഔട്ട് ചെലവുകള്‍ വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഈ ചെലവ് വര്‍ദ്ധനവ്, മേഖലയിലെ സ്ഥാപനങ്ങള്‍ക്കിടയിലുള്ള പ്രധാന പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 44% സ്ഥാപനങ്ങളും ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
ആഗോള സിറ്റി കോസ്റ്റ് ഇന്‍ഡെക്സില്‍ ആദ്യ 20 നഗരങ്ങളില്‍ ദുബായ് ഉള്‍പ്പെടുന്നുവെന്നും ഇത് ക്ലാസ് എ ഓഫീസ് സ്ഥലങ്ങള്‍ക്കായുള്ള നിലവിലുള്ള മത്സരത്തെ വ്യക്തമാക്കുന്നുവെന്നും പഠനം പറയുന്നു. സൗദി അറേബ്യയില്‍, റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രോഗ്രാം പോലുള്ള സംരംഭങ്ങള്‍ ഇത്തരം സ്ഥലങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
'തൊഴിലിട നിക്ഷേപങ്ങളെക്കുറിച്ചുള്ള പൊതുവായ ശുഭാപ്തിവിശ്വാസം 2025-ലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. വളര്‍ച്ചാ കേന്ദ്രീകൃത കമ്പനികള്‍ തങ്ങളുടെ ഹൈബ്രിഡ് വര്‍ക്ക് നയങ്ങളെ പിന്തുണയ്ക്കുന്നതിനായി ഓഫീസ് ഫിറ്റ്-ഔട്ടുകളില്‍ നിക്ഷേപം നടത്തും- സൗദി അറേബ്യയിലെയും ബഹ്‌റൈനിലെയും ജെ.എല്‍.എല്ലിന്റെ പ്രോജക്ട് സര്‍വീസസ് ആന്‍ഡ് ഡെവലപ്‌മെന്റ് മേധാവി മറുണ്‍ ദിബ് പറഞ്ഞു.
ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നിക്ഷേപങ്ങള്‍ തൊഴിലിട രൂപകല്‍പ്പന, നൂതന സാങ്കേതിക പരിഹാരങ്ങള്‍, നവീകരണ അവസരങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദിബ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരവും ഊര്‍ജക്ഷമതയുള്ളതുമായ തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ താല്‍പ്പര്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്.
Related News