കൊല്‍ക്കത്ത- പാര്‍ലമെന്റിലെ തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര സുപ്രീം കോടതി അഭിഭാഷകനും ബിജു ജനതാ ദള്‍ (ബിജെഡി) മുന്‍ എംപിയുമായ പിനാകി മിശ്രയെ വിവാഹം കഴിച്ചു. മെയ് 30-ന് ജര്‍മ്മനിയിലെ ബെര്‍ലിനില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മഹുവ മൊയ്ത്ര തന്നെയാണ് ഇന്ത്യന്‍ എക്സ്പ്രസിനോട് ഫോണിലൂടെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ഇരുവരും വേഷവിധാനങ്ങളോടെ നില്‍ക്കുന്ന ചിത്രം ദി ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജെപി മോര്‍ഗന്റെ ലണ്ടന്‍, ന്യൂയോര്‍ക്ക് ശാഖകളില്‍ വിജയകരമായ ബാങ്കിംഗ് ജീവിതം നയിച്ച ശേഷം രാഷ്ട്രീയം ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് മടങ്ങിയ മഹുവ മൊയ്ത്ര കൃഷ്ണാനഗറില്‍ നിന്നുള്ള എംപിയാണ്. മുമ്പ് ഡാനിഷ് ഫിനാന്‍സിയര്‍ ലാര്‍സ് ബ്രോര്‍സണെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും വിവാഹമോചിതരായിരുന്നു.
2023 ഡിസംബറില്‍ 'പണത്തിനുവേണ്ടി ചോദ്യങ്ങള്‍ ഉന്നയിച്ചു' എന്ന ആരോപണങ്ങളെത്തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയുമായുള്ള മഹുവയുടെ ബന്ധം പൊതുജനമധ്യത്തില്‍ ചര്‍ച്ചയായിരുന്നു. ദര്‍ശന്‍ ഹിരാനന്ദിനിയില്‍ നിന്ന് സമ്മാനങ്ങളും പണവും കൈപ്പറ്റി, പാര്‍ലമെന്റ് ലോഗിന്‍ ഐഡി അദ്ദേഹവുമായി പങ്കുവെച്ച് അദ്ദേഹത്തിനുവേണ്ടി ചോദ്യങ്ങള്‍ ചോദിച്ചു എന്നതായിരുന്നു മഹുവയ്ക്കെതിരെയുള്ള ആരോപണം. ഈ കേസില്‍ പരാതിക്കാരന്‍ ദേഹാദ്രായിയായിരുന്നു. പിന്നീട് മഹുവ ഇയാളെ 'ഉപേക്ഷിക്കപ്പെട്ട കാമുകന്‍' എന്നാണ് വിശേഷിപ്പിച്ചത്.
Related News