ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 1,416 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 4,000 പിന്നിട്ടു.
മഹാരാഷ്ട്ര- 494, ഗുജറാത്ത്- 397 എന്നിങ്ങനെ പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 512 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്ത് 5 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ രണ്ടു മരണങ്ങളും കേരളം, തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയ്ക്കു പുറമെ, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ കേരളത്തില്‍ കോവിഡ് ടെസ്റ്റ് വീണ്ടും നിര്‍ബന്ധമാക്കി.. പനി ബാധിച്ചവരില്‍ കോവിഡ് ലക്ഷണമുണ്ടെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണമെന്നും ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Related News