ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്തിടെയുണ്ടായ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ന്യൂഡല്‍ഹി തന്ത്രപരമായ മൗനം തുടരുകയോ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുകയോ ചെയ്യുന്നതിനിടെ, യുദ്ധം തടയുന്നതിനുള്ള പ്രധാന ചര്‍ച്ചാ ശക്തി യുഎസ് ആണെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.
'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഞങ്ങള്‍ തടഞ്ഞു. അതൊരു ആണവ ദുരന്തമായി മാറിയേക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കള്‍ക്കും എന്റെ ജനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു,' ട്രംപ് പറഞ്ഞു.
ഞങ്ങള്‍ വ്യാപാരത്തെക്കുറിച്ച് സംസാരിക്കുന്നു, പരസ്പരം വെടിവെക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുമായി ഞങ്ങള്‍ക്ക് വ്യാപാരം ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നു. ആ രാജ്യങ്ങളിലെ മികച്ച നേതാക്കന്മാരാണ് അവര്‍. അവര്‍ക്ക് മനസ്സിലായി, അവര്‍ സമ്മതിച്ചു, അതെല്ലാം നിന്നു, മറ്റുള്ളവരെയും ഞങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കാരണം, അവസാനം ഞങ്ങള്‍ക്ക് ആരെക്കാളും നന്നായി യുദ്ധം ചെയ്യാന്‍ കഴിയും, ഞങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച സൈന്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നേതാക്കന്മാരുണ്ട്...' പ്രസിഡന്റ് പറഞ്ഞു.
ഭീകരതയോടുള്ള സഹിഷ്ണുതയില്ലായ്മ എന്ന തങ്ങളുടെ 'പുതിയ നയം' സൂചിപ്പിക്കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റംഗങ്ങള്‍ അടങ്ങുന്ന ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച സമയത്ത് ട്രംപിന്റെ തുടര്‍ച്ചയായ അവകാശവാദം സര്‍ക്കാരിന് തിരിച്ചടിയാകും.
യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് ചോദ്യങ്ങള്‍ തുടരുമ്പോള്‍, പാകിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രതിരോധസേനയുടെ ഡയറക്ടര്‍ ജനറല്‍ രാജീവ് ഘായിയെ വിളിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മുതല്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വരെ ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്തെന്ന ട്രംപിന്റെ അവകാശവാദത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Related News