ഒന്നര പതിറ്റാണ്ടോളം സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ എല്ലാമായിരുന്ന ക്രൊയേഷ്യന്‍ ഇതിഹാസതാരം ലൂക്ക മോഡ്രിച്ച് റയലിന്റെ പടിയിറങ്ങുന്ന കാലം വന്നിരിക്കുന്നു. മധ്യനിരയിലെ അതിനിര്‍ണായക സാന്നിധ്യമായ മോഡ്രിച്ച് അടുത്ത മാസങ്ങളില്‍ നടക്കുന്ന ക്ലബ് ലോകകപ്പോടെയാണ് ചരിത്രമേറെയുള്ള ആ വെള്ള കുപ്പായം അഴിച്ചു വെക്കുന്നത്. ലൂക്ക മോഡ്രിച്ച് എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ കഴിവുള്ള ഒരു പോരാളിയാണ്. 2012 -ല്‍ ഇംഗ്ലീഷ് ക്ലബ്ബായ ട്ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്ന് റയലില്‍ എത്തിയ നിമിഷം മുതല്‍ അയാള്‍ ആ ക്ലബ്ബിന്റെ അഭിവാജ്യ ഘടകമാണ്. ഈ കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനുള്ളില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്ലബ്ബ് ലോകകപ്പ് എന്നിവ അഞ്ച് തവണയും, യുവേഫ സൂപ്പര്‍കപ്പ്, സ്പാനിഷ് സൂപ്പര്‍കപ്പ് എന്നിവ നാല് തവണയും ലാലിഗ മൂന്ന് തവണയും സ്പാനിഷ് കപ്പ് രണ്ട് തവണയും മോഡ്രിച്ച് റയലിനൊപ്പം നേടി.
എതിരാളികളെ വെട്ടിയൊഴിഞ്ഞ് ലക്ഷ്യം കാണുക എന്ന വിജയതന്ത്രം, പൊതുവേ നാണംകുണുങ്ങിയായ ലൂക്ക പഠിച്ചെടുത്തത് പ്രയാസങ്ങള്‍ ഏറെ അനുഭവിച്ച തന്റെ ബാല്യത്തില്‍ നിന്നാണ്. വൈവിധ്യമായ വംശീയ വിഭാഗങ്ങളുള്ള ആറ് റിപ്പബ്ലിക്കുകളുടെ ഒരു കൂട്ടായ്മയായിരുന്നു യുഗോസ്ലാവിയ. ആ രാജ്യത്ത് വംശീയമായ വഴക്കുകളും തര്‍ക്കങ്ങളും അകമേ പുകഞ്ഞിരുന്നെങ്കിലും ജോസഫ് ടിറ്റോയുടെ ഭരണകാലത്ത് അത് പ്രകടമായി കണ്ടിരുന്നില്ല. എന്നാല്‍ 1980 -ല്‍ ടിറ്റോയുടെ മരണശേഷം സെര്‍ബ്, ക്രോട്ട്, ബോസ്‌നിയാക്ക്, സ്ലാവ് വംശജര്‍ക്കിടയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന വംശീയ വൈരാഗ്യങ്ങള്‍ പലയിടങ്ങളിലായി കത്തിപ്പടര്‍ന്നു. ആ സംഘര്‍ഷങ്ങളിലേക്കാണ് 1985 സെപ്റ്റംബറില്‍ വെലെബിറ്റ് പര്‍വ്വതനിരകള്‍ അതിടുന്ന ഡാല്‍മേഷ്യയിലെ മോഡ്രിച്ചി എന്ന ഗ്രാമത്തിലേക്ക് ലൂക്ക പിറന്നുവീഴുന്നത്. രോമ കുപ്പായങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലെ തൊഴിലാളിയായ സ്‌റ്റൈപ്പ് മോഡ്രിച്ചിന്റെയും റഡോയ്ക്കയുടെയും കടിഞ്ഞൂല്‍ സന്തതിയായിരുന്നു അവന്‍. മാതാപിതാക്കള്‍ ജോലി ആവശ്യങ്ങള്‍ക്കായി പുറത്തു പോകുമ്പോള്‍ മുത്തച്ഛനായിരുന്നു ലൂക്കയുടെ ചങ്ങാതി. ആറ് വയസ്സ് വരെ വെലെബിറ്റ് പര്‍വ്വത നിരകളുടെ താഴ് വാരങ്ങളില്‍ ചങ്ങാതിയായ മുത്തച്ഛനൊപ്പം ചിരിച്ച് കളിച്ച് നടന്നിരുന്ന കുഞ്ഞു ലൂക്കയുടെ സന്തോഷങ്ങളിലേക്ക് പെട്ടന്നായിരുന്നു അരക്ഷിതാവസ്ഥയുടെ പുകച്ചുരുളുകള്‍ വന്നുചേര്‍ന്നത്. 1991ല്‍ യുഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ക്രൊയേഷ്യ പോരാട്ടം തുടങ്ങിയ സമയം. മോഡ്രിച്ചി ഗ്രാമം വിട്ട് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന സെര്‍ബിയന്‍ സൈന്യത്തിന്റെ നിരന്തര ഭീഷണികളെ ക്രോട്ട് വംശജരായ ലൂക്കയുടെ കുടുംബം വകവെച്ചില്ല. ജനിച്ച മണ്ണും നാടും വിട്ട് അഭയാര്‍ത്ഥികളാവാന്‍ തയ്യാറാവില്ല എന്നായിരുന്നു ആ കുടുംബത്തിന്റെ തീരുമാനം. പക്ഷേ ആ തീരുമാനം വൈകാതെ ആ കുടുംബത്തെ വഴിയാധാരമാക്കി. 1991 ഡിസംബര്‍ 18. ആളുകള്‍ ഒഴിഞ്ഞ് പോയി തുടങ്ങിയ മോഡ്രിച്ചിയിലെ പാതകളിലൂടെ സെര്‍ബിയന്‍ സൈന്യത്തെ വെല്ലുവിളിച്ച് ലൂക്കയുടെ മുത്തച്ഛനും സുഹൃത്തുക്കളും നടക്കാനിറങ്ങി. അതില്‍ പ്രകോപിതരായ സെര്‍ബിയന്‍ സൈന്യം ലൂക്കയുടെ മുത്തച്ഛനെ വധിച്ചു. ഒപ്പം സന്തോഷം അല്ലതല്ലിയിരുന്ന അവരുടെ വീടും അഗ്‌നിക്കിരയാക്കി.
ആ രാത്രി തന്നെ ഡിസംബറിന്റെ കടുത്ത കുളിരിനേയും ഇരുട്ടിനെയും വകവക്കാതെ സ്‌റ്റൈപ്പും റഡോയ്ക്കയും ലൂക്കയെ തോളിലേറ്റി ആ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. തങ്ങള്‍ സന്തോഷത്തോടെ ജീവിച്ചിരുന്ന വീട് കത്തിയമരുന്നത് പിതാവിന്റെ തോളില്‍ ഇരുന്നുകൊണ്ട് ലൂക്ക വേദനയോടെ കണ്ടു. ആ പലായനം അടുത്ത ദിവസം അവസാനിക്കുന്നത് തീരദേശ പട്ടണമായ സദറിലാണ്. വൈകാതെ പിതാവ് സ്‌റ്റൈപ്പിന് ക്രൊയേഷ്യന്‍ സൈനിക വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ ജോലി കിട്ടി. പക്ഷേ കുഞ്ഞുലൂക്കക്ക് തന്റെ ജീവിതാഭിലാഷമായ ഫുട്‌ബോള്‍ പരിശീലിക്കുക എത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കുഴിച്ചിട്ട മൈനുകളുടെയും ഗ്രനേഡുകളുടെയും ബുള്ളറ്റുകളുടെയും കാതടപ്പിക്കുന്ന ശബ്ദങ്ങളെ അവന് പ്രതിരോധിക്കേണ്ടതുണ്ടായിരുന്നു. അടുത്തവര്‍ഷം മുതല്‍ ഒരു മുതിര്‍ന്ന ബന്ധുവിന്റെ സഹായത്തോടെ ലൂക്ക ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു. തന്റെ രാജ്യത്തിനായി ബൂട്ടണിയുക എന്നതായിരുന്നു പിന്നീടുള്ള അവന്റെ സ്വപ്നം. പക്ഷേ മെലിഞ്ഞ് ഉയരം കുറഞ്ഞ ലൂക്ക പല ക്ലബ്ബുകളുടെ ട്രയല്‍സിലും അവഗണിക്കപ്പെട്ടു. നിരാശയും കണ്ണീരും ലൂക്കയെ പൊതിഞ്ഞു. എന്നാല്‍ അവന്റെ കളിയഴക് സദറിലെ തന്നെ യൂത്ത് ക്ലബ്ബായിരുന്ന എന്‍ കെ സദറിന്റെ പരിശീലകന്‍ ടോമിസ്ലാവ് ബാസിച്ചിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ലൂക്ക മോഡ്രിച്ചിന്റെ തലവര മാറി തുടങ്ങി. കാലം കടന്നു പോകവേ യുഗോസ്ലാവിയ വിഭജിക്കപ്പെട്ട് 6 രാജ്യങ്ങളായി മാറിയിരുന്നു. ബാസിച്ചിന് കീഴില്‍ മികച്ച കളിക്കാരനായി വളര്‍ന്ന ലൂക്കാ മോഡ്രിച്ച്, പിന്നീട് ക്രൊയേഷ്യയുടെയും ക്രൊയേഷ്യയിലെ മുന്‍നിര ക്ലബ്ബായ ഡൈനാമോ സാഗ്രബിന്റെയും പ്രധാന കളിക്കാരനായി മാറിയിരുന്നു. സാഗ്രബിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച മോഡ്രിച്ച്, അവരുമായുള്ള കരാറിലൂടെ ഏറെ സൗകര്യങ്ങളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി. നാടും വീടും നഷ്ടപ്പെട്ട് പലായനം ചെയ്ത ആ കുടുംബത്തിന് അത് വലിയ ആശ്വാസമായി. പതിയെ ലൂക്ക മോഡ്രിച്ചിനെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെ 2008-ല്‍ 160 കോടി രൂപ പ്രതിഫലത്തോടെ ട്ടോട്ടന്‍ഹാം ഹോട്‌സ്പറിലും, 2012 മുതല്‍ റയല്‍ മാഡ്രിഡിലും അയാള്‍ തന്റെ കളിയഴക് പുറത്തെടുത്തു. ഒപ്പം വെളുപ്പും ചുവപ്പും നിറത്തിലുള്ള ചതുരക്കളങ്ങള്‍ ഉള്ള കുപ്പായമണിഞ്ഞ് ജന്മരാജ്യമായ ക്രൊയേഷ്യക്ക് വേണ്ടിയും അയാള്‍ വലിയ കാര്യങ്ങള്‍ ചെയ്തു. റഷ്യന്‍ ലോകകപ്പില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്കും ഖത്തറില്‍ മൂന്നാം സ്ഥാനത്തേക്കും കൈ പിടിച്ചു ഉയര്‍ത്തുന്നതും നാം കണ്ടു. റയല്‍ മാഡ്രിഡിനോട് വിടപറയുമ്പോള്‍ ലൂക്ക മോഡ്രിച്ച് എക്‌സില്‍ ഇങ്ങനെ കുറിച്ചു.
' സമയം വന്നിരിക്കുന്നു. ഞാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത സമയം. പക്ഷേ അതാണ് ഫുട്‌ബോള്‍. ജീവിതത്തില്‍ എല്ലാത്തിനും ഒരു തുടക്കവും അവസാനവും ഉണ്ടല്ലോ. ശനിയാഴ്ച ഞാന്‍ സാന്റിയാഗോ ബെര്‍ണെബ്യൂവില്‍ എന്റെ അവസാന മത്സരം കളിക്കും. ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ കുപ്പായം ധരിക്കാനുള്ള ആഗ്രഹത്തിലും, വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള ചിന്തയിലുമാണ് 2012ല്‍ ഞാന്‍ ഇവിടെ എത്തുന്നത്. റയലിനായി കളിക്കുന്നത് കളിക്കാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്റെ ജീവിതം മാറ്റിമറിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ വിജയകരമായ യുഗങ്ങളിലൊന്നിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്ലബ്ബിനും പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസിനും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും എന്നെ സഹായിച്ച എല്ലാ ആളുകള്‍ക്കും ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ഈ വര്‍ഷങ്ങളിലൊക്കെ ബെര്‍ണെബ്യൂവില്‍ അവിശ്വസനീയമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അസാധ്യമെന്ന് തോന്നിയ തിരിച്ചു വരവുകള്‍, ഫൈനലുകള്‍, ആഘോഷങ്ങള്‍, മാന്ത്രികരാവുകള്‍... സന്തോഷത്തോടെ എല്ലാം നേടി. എന്നാല്‍ കിരീടങ്ങള്‍ക്കും വിജയങ്ങള്‍ക്കും അപ്പുറം എല്ലാ റയല്‍ ആരാധകരുടെയും വാത്സല്യം എന്റെ ഹൃദയത്തിലുണ്ട്. നിങ്ങള്‍ എന്നോട് കാണിച്ച സ്‌നേഹവും ബഹുമാനവും പിന്തുണയും ഞാന്‍ ഒരിക്കലും മറക്കില്ല. നിറഞ്ഞ ഹൃദയത്തോടെയാണ് ഞാന്‍ വിടവാങ്ങുന്നത്. ക്ലബ്ബ് ലോകകപ്പിന് ശേഷം മഹത്തരമായ ഈ വെള്ളകുപ്പായം ഞാന്‍ കളിക്കളത്തില്‍ ധരിക്കില്ല. എങ്കിലും എപ്പോഴും ഞാന്‍ ഒരു റയല്‍ ആരാധകനായിരിക്കും. നമ്മള്‍ വീണ്ടും കാണും. കാരണം മാഡ്രിഡ് എന്നുമെന്റെ വീടായിരിക്കും. ഹല മാഡ്രിഡ്. '
എന്നെന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കാവുന്ന, മനോഹരമായ കളിയഴക് സമ്മാനിച്ച ഒരു കാലത്തെയാണ് ലൂക്ക മോഡ്രിച്ച് കളിയാരാധകര്‍ക്ക് നല്‍കിയത്. ഒരുപക്ഷേ കണ്ണീരും അഭയാര്‍ത്ഥിത്വവും ഏറ്റുവാങ്ങിയ ബാല്യത്തിന്റെ ദുരനുഭവങ്ങളുടെ കരുത്താവാം അദ്ദേഹത്തെ എല്ലാ കാലത്തും പ്രചോദിപ്പിച്ചത്.
-മുനീര്‍ വാളക്കുട
Related News