വാഷിംഗ്ടണ്‍ ഡി.സി- ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം അമേരിക്കയിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്നതിനായി ആപ്പിള്‍, സാംസങ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് മേല്‍ താരിഫ് ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. നേരത്തെ ആപ്പിളിനെതിരെ മാത്രമാണ് താരിഫ് ഭീഷണി ഉയര്‍ത്തിയതെങ്കിലും, ഇത് വിപുലമായ ശ്രേണിയിലുള്ള കമ്പനികള്‍ക്ക് ബാധകമാകുമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് കൂടുതല്‍ വിപുലമായിരിക്കും,' താരിഫ് ഭീഷണി ആപ്പിളിന് മാത്രമാണോ എന്ന് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. 'ഇത് സാംസങ്ങിനും ഈ ഉല്‍പ്പന്നം നിര്‍മ്മിക്കുന്ന ആര്‍ക്കും ബാധകമാകും, അല്ലാത്തപക്ഷം അത് ന്യായമാകില്ല.' ഇറക്കുമതി തീരുവ 'ഉചിതമായി' നടപ്പിലാക്കുമെന്നും ജൂണ്‍ അവസാനത്തോടെ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
ഐഫോണ്‍ ഉത്പാദനം വിദേശത്ത് നിന്ന് യുഎസിലേക്ക് മാറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ ആപ്പിളിന് 25% താരിഫ് നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഈ പ്രസ്താവന. ആപ്പിള്‍ സിഇഒ ടിം കുക്കും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ മുന്നറിയിപ്പ് വന്നതെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'അദ്ദേഹം പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ഇന്ത്യയിലേക്ക് പോകുന്നതില്‍ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു, പക്ഷേ താരിഫ് കൂടാതെ ഇവിടെ വില്‍ക്കാന്‍ കഴിയില്ല, അതാണ് യാഥാര്‍ത്ഥ്യം,' ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് വ്യാപാരത്തില്‍ ആപ്പിളിന്റെ ഓഹരി 3% ഇടിഞ്ഞു. കൂടാതെ, വെള്ളിയാഴ്ച ട്രംപ് യൂറോപ്യന്‍ യൂണിയനെതിരെ 50% താരിഫ് ഭീഷണി ഉയര്‍ത്തിയിരുന്നു, ഇത് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
യുഎസില്‍ ഉല്‍പന്ന നിര്‍മ്മാണത്തിനായുള്ള ട്രംപിന്റെ ആവശ്യം ആപ്പിളിനും ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സാംസങ്ങിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അവരുടെ ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖല വര്‍ഷങ്ങളായി ഏഷ്യയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. സപ്ലൈയര്‍മാരുടെയും നിര്‍മ്മാണത്തിന്റെയും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും സമ്പന്നമായ കേന്ദ്രമല്ല യുഎസ്. ഇതാണ് ഏഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കാന്‍ ഈ കമ്പനികളെ പ്രേരിപ്പിക്കുന്നത്.
Related News