ജിദ്ദ: കേരളം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ കളിക്കളത്തില്‍ ഇന്ത്യന്‍ മറഡോണ എന്ന് വിശേഷിപ്പിക്കാവുന്ന ഫുട്ബാള്‍ താരം നജ്മുദ്ദീന്റെ വിയോഗത്തില്‍ സിഫ് അനുശോചിച്ചു. 1973 ഡിസംബര്‍ 27ന് തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കോച്ചു സൈമണ്‍ സുന്ദര്‍ രാജിന്റെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കേരള ടീം ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കിലൂടെ ശക്തരായ റെയില്‍വേസിനെ പരാജയപ്പെടുത്തി ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിടുമ്പോള്‍ അന്ന് ആ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്ന നജ്മുദ്ധീന്റെ പ്രകടനം ഫുട്ബാള്‍ ആരാധകരുടെ മനസ്സില്‍ എക്കാലവും ഓര്‍മിക്കപ്പെടും. ജിദ്ദയില്‍ ഉണ്ടായിരുന്നപ്പോള്‍ സിഫിന്റെ (സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം) ടെക്‌നിക്കല്‍ വിഭാഗം സ്തുത്യര്‍ഹമായി കൈകാര്യം ചെയ്തിരുന്നു. സിഫ് സംഘടിപ്പിച്ച വെറ്ററന്‍സ് മത്സരങ്ങളില്‍ പ്രായത്തെ മറികടന്നു മികച്ച പ്രകടനം നടത്തി ജിദ്ദയിലെ ഫുട്ബോള്‍ ആരാധകരെ ആവേശ ഭരതരാക്കിയതും, മലയാളി ഫുട്ബോള്‍ കൂട്ടായ്മകളില്‍ നിറ സാന്നിധ്യമായിരുന്നതും അദ്ദേഹത്തിന്റെ കളിയോടുള്ള അഗാധമായ അഭിനിവേശത്തിനു തെളിവായിരുന്നു. ഇന്ത്യ കണ്ട മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായ നജ്മുദീന്റെ വിയോഗത്തില്‍ അതീവ ദു:ഖമുണ്ടെന്നും കുടുംബാഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും സിഫ് പ്രസിഡന്റ് ബേബി നീലാബ്രയും, ജനറല്‍ സെക്രട്ടറി നിസാം മമ്പാടും അനുശോചനത്തില്‍ പറഞ്ഞു.
Related News