l o a d i n g

കായികം

നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും

Thumbnail

നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും ഒരു പതിറ്റാണ്ട് മുമ്പ് ജിദ്ദയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍.... അന്തരിച്ച നജ്മുദ്ദീനെക്കുറിച്ച ഓര്‍മ

ഒരാള്‍ കേരളം കണ്ട മികച്ച അറ്റാക്കര്‍, അപരന്‍ കേരളത്തിലെ മികച്ച ഗോള്‍കീപ്പര്‍. ഒരാള്‍ പ്രീമിയര്‍ ടയേഴ്സിന്റെ കാവലാള്‍. കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഏറ്റവുമധികം നെഞ്ചിലേറ്റിയ ടീമിന്റെ രക്ഷാകവചം. അപരന്‍ ടൈറ്റാനിയം ആക്രമണത്തിന്റെ കുന്തമുന. കേരളാ ഫുട്ബോളിന്റെ സുവര്‍ണകാലഘട്ടത്തില്‍ പ്രീമിയര്‍ ടയേഴ്സിന് ഏറ്റവുമധികം വെല്ലുവിളി സമ്മാനിച്ച ടീമിന്റെ തുരുപ്പുചീട്ട്. എഴുപതുകളില്‍ കേരളത്തിലെ കാല്‍പന്തു കളിക്കാരെ ത്രസിപ്പിച്ച ഈ രണ്ട് അതികായന്മാര്‍ ജിദ്ദയില്‍ കണ്ടുമുട്ടിയപ്പോള്‍ പങ്കുവെക്കാനുണ്ടായിരുന്നത് കളിക്കളങ്ങളില്‍നിന്ന് കളിക്കളങ്ങളിലേക്ക് കളിയും കളിക്കാരും കാണികളും സഞ്ചരിച്ച ഇടതടവില്ലാത്ത കളിയോര്‍മകള്‍.
അങ്ങനെയൊരു കാലം.. ഹരം പിടിപ്പിക്കുന്ന ഓരോ ഓര്‍മകള്‍ അയവിറക്കുമ്പോഴും വിക്ടര്‍ മഞ്ഞില പറഞ്ഞു കൊണ്ടിരുന്നു. അതെ, അതൊരു കാലം തന്നെയായിരുന്നു.. അബ്ദുല്‍ ഖാദര്‍ നജ്മുദ്ദീന്‍ ശരി വെച്ചു കൊണ്ടിരുന്നു. ജിദ്ദ ഫൈസലിയ്യയില്‍ താമസിക്കുന്ന നജ്മുദ്ദീന്റെ മകള്‍ ഉണ്ടാക്കിയ രുചികരമായ ഭക്ഷണത്തിന്റെ ഇരു വശത്തുമായി പഴയ ബദ്ധവൈരികള്‍, ഇരമ്പിയെത്തിയ ഓര്‍മകള്‍ ആ ഉച്ചയൂണിന് രുചി വര്‍ധിപ്പിച്ചു കൊണ്ടേയിരുന്നു. ഏതാനും വര്‍ഷം മുമ്പായിരുന്നു ഈ കൂടിക്കാഴ്ച.
ഓര്‍മയുണ്ടോ ആ സെയ്വ്? വിക്ടര്‍ ചോദിച്ചു. ടൈറ്റാനിയത്തിനെതിരായ ആ സെയ്വ് കരിയറിലെ ഏറ്റവും മികച്ചതായാണ് വിക്ടര്‍ കരുതുന്നത്. ടൈറ്റാനിയത്തിന്റെ ആക്രമണം സാഹസികമായ ബൈസികിള്‍ കിക്കിലൂടെ അടിച്ചകറ്റാനാണ് പ്രീമിയര്‍ ടയേഴ്സ് താരം പ്രസന്നന്‍ ശ്രമിച്ചത്. അപ്രതീക്ഷിതമായി പിറകില്‍നിന്ന് ഒരു തള്ള്. അടി പിഴച്ചു. പന്ത് നേരെ പ്രീമിയര്‍ ടയേഴ്സ് വലയിലേക്ക്. നിമിഷാര്‍ധത്തില്‍ ഡൈവു ചെയ്ത വിക്ടര്‍ ഒഴിവാക്കിയത് ഉറച്ച ഒരു സെല്‍ഫ് ഗോള്‍.
നജ്മുദ്ദീനെ തടുക്കുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് വിക്ടര്‍ ഓര്‍മിക്കുന്നു. ഒരു സൗഹൃദ മത്സരത്തില്‍ അതിനായി താന്‍ ഡിഫന്ററുടെ വേഷം കെട്ടിയത് വിക്ടര്‍ ഓര്‍മിച്ചു. നാഗ്ജിയില്‍ ട്രാന്‍സ്പോര്‍ടിനെതിരെ നേടിയ ഗോളാണ് നജ്മുദ്ദീന്റെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ക്രോസിനായി ഓടിവന്നപ്പോള്‍ വേഗം കൂടിപ്പോയി. നിന്നനില്‍പില്‍ പിന്നോട്ടാഞ്ഞ് ഹെഡര്‍ പരീക്ഷിക്കാന്‍ ഒരു ശ്രമം നടത്തി. അതു വിജയം കണ്ടെന്ന് മനസ്സിലായത് ഗാലറിയുടെ ഇരമ്പം കേട്ടപ്പോഴാണ്.
അവരുടെ കളിയോര്‍മകളിലേക്ക് നിരവധി കളിക്കാരാണ് കട്ട് ചെയ്തു കയറിവന്നത്. പ്രശസ്തരാവയര്‍, വലിയ പ്രതിഭയുമായി വന്ന ശേഷം മങ്ങിപ്പോയവര്‍, ഒന്നാന്തരം കളിക്കാരാവുമെന്ന് കരുതിയെങ്കിലും അകാലത്തുണ്ടായ പരിക്കിനെത്തുടര്‍ന്ന് കളം വിടേണ്ടി വന്നവര്‍..
അതൊരു കാലമായിരുന്നു.. കളിക്കാര്‍ സഞ്ചരിച്ചു കൊണ്ടേയിരുന്നു അന്ന്. കണ്ണൂരില്‍ ശ്രീനാരായണ ട്രോഫിയില്‍നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് ജി.വി. രാജയില്‍ അവസാനിക്കുന്ന ടൂര്‍ണമെന്റുകള്‍. ഒരു ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ കളിക്കുന്ന ടീം അടുത്ത ദിവസം മറ്റൊരു ടൂര്‍ണമെന്റില്‍ സെമി കളിക്കാനായി പോവും. വഴിയില്‍ പിടിച്ചിറക്കി മൂന്നാമതൊരു ടൂര്‍ണമെന്റില്‍ ലീഗ് റൗണ്ട് കളിക്കും. എവിടെയും നിറഞ്ഞ ഗാലറി. ടീമുകളുടെ സാന്നിധ്യമുറപ്പാക്കാന്‍ സംഘാടകര്‍ തമ്മില്‍ ഒത്തുകളി അന്ന് പതിവായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. ചില ടൂര്‍ണമെന്റുകളില്‍ ചില ടീമുകളെ ബോധപൂര്‍വം തോല്‍പിക്കും. മറ്റു ചിലതില്‍ എത്ര ശ്രമിച്ചാലും റഫറിമാര്‍ ഗോളടിക്കാന്‍ അനുവദിക്കില്ല. ഇതറിയാതെ കളിക്കാര്‍ രോഷാകുലരാവും. കോയമ്പത്തൂരില്‍ ഒരു ടൂര്‍ണമെന്റില്‍ നാലു തവണ ക്വാര്‍ട്ടര്‍ കളിച്ച അനുഭവം വരെയുണ്ടെന്ന് നജ്മുദ്ദീന്‍ പറയുന്നു. കളിക്കാര്‍ക്ക് ഹരം. കാണികള്‍ക്ക് അതിനെക്കാള്‍ ഹരം. എത്ര തവണ കളിച്ചാലും നിറഞ്ഞ ഗാലറി. എറണാകുളത്തെ ഒരു ടൂര്‍ണമെന്റില്‍ പുറത്തായ പ്രീമിയര്‍ ടയേഴ്സിന് സംഘാടകര്‍ നോക്കൗട്ട് റൗണ്ടിലേക്ക് ബൈ നല്‍കിയ വിചിത്ര സംഭവം വരെ വിക്ടര്‍ ഓര്‍ക്കുന്നു.
കളിയെഴുത്തുകാരുടെ കാലം കൂടിയായിരുന്നു അത്. വിംസീയെ പോലുള്ളവര്‍ കളിയെ വാക്കുകളില്‍ വരച്ചുവെച്ചു. നേരിട്ട് കണ്ടതു വിശ്വസിക്കാതെ ഫുട്ബോള്‍ പ്രേമികള്‍ അവര്‍ എഴുതിയത് വേദവാക്യമായി സ്വീകരിച്ചു. 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയില്‍ സംഭവിച്ചത് ഉദാഹരണമായി വിക്ടര്‍ ചൂണ്ടിക്കാട്ടി. നജ്മുദ്ദീന്റെ ഹെഡര്‍ ഗോവയുടെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ബ്രഹ്‌മാനന്ദിനെ കീഴടക്കി. കേരളാ ടീമിലെ ചിലരുമായി ഉടക്കിലായിരുന്ന വിംസീ കേരളം ഗോള്‍ നേടിയത് ബ്രഹ്‌മാനന്ദിനെ തള്ളിയ ശേഷമാണെന്ന് വാദിച്ചു. ജനം വിംസീയെയാണ് വിശ്വസിച്ചത്. കാണികള്‍ കേരളത്തിന് എതിരായി. സെമിയില്‍ കര്‍ണാടകയോട് കേരളം തോറ്റു. താന്‍ ബ്രഹ്‌മാനന്ദിനെ സ്പര്‍ശിച്ചിട്ടു പോലുമില്ലെന്ന് നജ്മുദ്ദീന്‍ പറയുന്നു.
ഒരുപാട് കളിക്കാരാണ് അകാലത്തില്‍ പൊലിഞ്ഞുപോയത്. കളിക്കളത്തിലും പുറത്തും മാന്യന്മാരായി അറിയപ്പെട്ട കളിക്കാര്‍ വരെ അച്ചടക്കമില്ലായ്മയിലൂടെ ജീവിതം നശിപ്പിച്ചു. അതിന് അപവാദമാണ് വിക്ടറും നജ്മുദ്ദീനും. ഇന്നും അച്ചടക്കമുള്ള ജീവിതത്തിലൂടെ ഇരുവരും കായികക്ഷമത നിലനിര്‍ത്തുന്നു. അത് വലിയ കഠിനാധ്വാനമായിരുന്നുവെന്ന് വിക്ടര്‍ ഓര്‍മിക്കുന്നു. ഉദാഹരണമായി ഒരു സംഭവം മാത്രം നജ്മുദ്ദീന്‍ ചൂണ്ടിക്കാട്ടി. 1973 ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ സ്വീകരണങ്ങളുടെ പരമ്പരയായിരുന്നു. ഓരോ സ്വീകരണ സ്ഥലത്തും മദ്യം ഒഴുകുകയായിരുന്നു. കേരളത്തിലെ ഫുട്ബോള്‍ കളിക്കാര്‍ക്ക് എന്തും ലഭിച്ചിരുന്ന ആ കാലഘട്ടത്തില്‍ ചിട്ട പാലിക്കാനായി എന്നതാണ് ഇരുവരുടെയും വിജയം.
വിക്ടറും നജ്മുദ്ദീനും തമ്മിലുള്ള സാദൃശ്യം അവിടെ അവസാനിക്കുന്നില്ല. ഫുട്ബോള്‍ കരിയര്‍ മുഴുവന്‍ ഒരു ക്ലബ്ബില്‍ ചെലവിട്ടവരായിരുന്നു ഇരുവരും. പ്രീമിയര്‍ ടയേഴ്സ് വിട്ട് വിക്ടര്‍ എങ്ങും പോയില്ല. ചാത്തുണ്ണി കോച്ചായിരിക്കെ മുഹമ്മദന്‍ സ്പോര്‍ടിംഗില്‍ നിന്നുള്ള ക്ഷണം നിരസിക്കാന്‍ വയ്യാതിരുന്ന നജ്മുദ്ദീന്‍ ഒരുപാട് കാലം അദ്ദേഹത്തെ ഒളിച്ചു നടക്കുകയായിരുന്നു. ബാങ്കോക്കില്‍നിന്ന് ഒരു ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കളിച്ചു മടങ്ങവെ വിക്ടറിനെ കാത്തും മുഹമ്മദന്‍സ് പ്രതിനിധികള്‍ ബാംഗ്ലൂരില്‍ ഉണ്ടായിരുന്നു. വന്‍ തുകയുടെ ഓഫര്‍ വിക്ടര്‍ വേണ്ടെന്നു വെച്ചു. ടാറ്റയും മഫത്ലാലും നജ്മുദ്ദീനു പിറകെ നടന്നിരുന്നു.
കൊല്‍ക്കത്ത ലോബി ഇന്ത്യന്‍ ഫുട്ബോള്‍ ഭരിച്ച ആ കാലത്ത് കൊല്‍ക്കത്തയിലേക്കുള്ള ക്ഷണം നിരസിച്ചത് ഇരുവരുടെയും കരിയറിനെ ബാധിച്ചിട്ടുണ്ടാവാം. മികച്ച കളിക്കാരായിട്ടും ഇരുവര്‍ക്കും അധികകാലം ഇന്ത്യന്‍ ടീമില്‍ തുടരാനായില്ല. പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ ദുഃഖമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. പണത്തിനു വേണ്ടിയായിരുന്നില്ല തങ്ങള്‍ കളിച്ചതെന്ന് വിക്ടര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ റിസര്‍വ് ബെഞ്ചില്‍ ഇരുന്നു പോയിരുന്നുവെങ്കില്‍ തങ്ങളുടെ കരിയര്‍ അകാലത്തില്‍ അസ്തമിച്ചു പോയേനേയെന്ന് നജ്മുദ്ദീന്‍ അഭിപ്രായപ്പെടുന്നു.
കളിയില്‍നിന്ന് വിരമിച്ച ശേഷം വിക്ടറും നജ്മുദ്ദീനും പരിശീലകരുടെ വേഷമിട്ടു. ആ രംഗത്തും ഇരുവരും വിജയം കൈവരിച്ചു. എന്നാല്‍ കേരളം കണ്ട മികച്ച കോച്ച് സൈമണ്‍ സുന്ദര്‍രാജാണെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ സ്വരം. ദീര്‍ഘവീക്ഷണമുള്ള പരിശീലകനായിരുന്നു അദ്ദേഹമെന്ന് വിക്ടര്‍ പറയുന്നു. അതുവരെ ഇന്‍സൈഡില്‍ കളിച്ചിരുന്ന തന്നെ വേഗം കണ്ടറിഞ്ഞ് റൈറ്റ് എക്സ്ട്രീം പൊസിഷനിലേക്ക് മാറ്റിയത് സൈമണ്‍ സാറായിരുന്നുവെന്ന് നജ്മുദ്ദീന്‍ വെളിപ്പെടുത്തി. എതിര്‍ ഡിഫന്റര്‍മാര്‍ക്കനുസരിച്ച് കളിക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ആദ്യം പഠിപ്പിച്ചത് അദ്ദേഹമായിരുന്നുവെന്ന് നജ്മുദ്ദീന്‍ പറയുന്നു.
എന്താണ് ഇരുവര്‍ക്കും കേരളം തിരിച്ചുകൊടുത്തത്? ഒരു ജി.വി രാജ അവാര്‍ഡ് പോലുമില്ല. പക്ഷെ ജി.വി. രാജ അവാര്‍ഡ് നേടിയ എത്ര പേരെ കേരളം ഓര്‍ക്കുന്നുണ്ട്. വിക്ടറിനും നജ്മുദ്ദീനും സ്ഥാനം കളിക്കമ്പക്കാരുടെ മനസ്സിലാണ്. കേരളം ഫുട്ബോള്‍ കളിച്ച ആ കാലത്തിന്റെ ഓര്‍മകളില്‍ ഇരുവരും ജ്വലിച്ചുനില്‍ക്കുന്നു. ഒരു അവാര്‍ഡിനുമില്ല അതിനെക്കാള്‍ വലിയ മൂല്യം.



കേരളത്തിന്റെ 'ബോംബര്‍'

കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ 1973 ലാണ് നജ്മുദ്ദീന്‍ പന്തുമായി കളിക്കമ്പക്കാരുടെ മനസ്സിലേക്ക് ഓടിക്കയറിയെത്തുന്നത്. കൊല്ലം തേവള്ളി സ്വദേശി നജ്മുദ്ദീന് അന്ന് പ്രായം 21. ടീമിലെ ബേബി. ആവേശം അണപൊട്ടിയൊഴുകിയ ആ സായാഹ്നത്തില്‍ ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കില്‍ രണ്ടെണ്ണത്തിന് പന്ത് പാഞ്ഞത് നജ്മുദ്ദീന്റെ ബൂട്ടില്‍നിന്ന്. പ്രതിരോധത്തിന്റെ വന്‍മതിലിനിടയിലൂടെ ബോക്സിലേക്ക് ചടുലമായി നുഴഞ്ഞുകയറിയ നജ്മുദ്ദീന്‍ ഗാലറിയുടെ ഹരമായിരുന്നു. പിന്നീട് ഒരു പതിറ്റാണ്ട് കാലം ടൈറ്റാനിയം ജഴ്സിയില്‍ നജ്മുദ്ദീന്‍ കളിക്കമ്പക്കാരുടെ മനസ്സില്‍ ഗോളാരവങ്ങളുടെ അടങ്ങാത്ത ശബ്ദഘോഷം സൃഷ്ടിച്ചു.
1972 ലെ ജൂനിയര്‍ നാഷനല്‍സില്‍ ബംഗാളിനെതിരായ സെമിയിലെ ഇരട്ട ഗോളിലൂടെയാണ് നജ്മുദ്ദീന്‍ എന്ന കിടയറ്റ അറ്റാക്കര്‍ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ കുമ്മായ വര കടന്നത്. ഫൈനലില്‍ കര്‍ണാടകക്കെതിരെ മറ്റൊരു ഗോള്‍ കൂടി ആ ബൂട്ടില്‍നിന്ന് പിറന്നു.
ടൈറ്റാനിയത്തിന്റെ പ്രതിനിധികള്‍ പിറ്റേന്ന് നജ്മുദ്ദീന്റെ വീട്ടിലെത്തി. കൗമാരം കടന്നിട്ടില്ലാത്ത നജ്മുദ്ദീനെ തിരുവനന്തപുരത്തേക്കയക്കാന്‍ മാതാവിന് മനസ്സുവന്നില്ല. ഇത്ര നല്ല അവസരം കിട്ടില്ലെന്ന അയല്‍വാസികളുടെയും മറ്റും സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒടുവില്‍ അവര്‍ അര്‍ധ സമ്മതം മൂളിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത നജ്മുദ്ദീന്‍ പാഠപുസ്തകങ്ങളുമായാണ് ടൈറ്റാനിയത്തിലേക്ക് പോയത്. കേരളത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ ഒരു സുവര്‍ണ അധ്യായത്തിന് അവിടെ തുടക്കമായി.
19 വര്‍ഷം.. ടൈറ്റാനിയം ജഴ്സിയില്‍ നജ്മുദ്ദീന്‍ നേടാത്തതായി ഒന്നുമില്ല, ഒരു നാഗ്ജി ട്രോഫി ഒഴികെ. 1973 ല്‍ സന്തോഷ് ട്രോഫി ടീമിലെത്തി. 1981 വരെ തുടര്‍ച്ചയായി ടീമില്‍. 1979 ല്‍ നായകന്‍. 1976 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് ഫുട്ബോളില്‍ ഇന്ത്യന്‍ ടീമിലെത്തി. കൊല്‍ക്കത്ത ക്ലബ്ബുകളില്‍നിന്ന് കിട്ടിയ ക്ഷണങ്ങള്‍ തിരസ്‌കരിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപാട് കാലം നജ്മുദ്ദീന്‍ ഇന്ത്യന്‍ കുപ്പായമിട്ടേനേ.
നജ്മുദ്ദീന് മൂന്നു പെണ്‍മക്കള്‍. മൂത്ത മകള്‍ സോഫിയയും ഭര്‍ത്താവ് സുനിലുമൊത്ത് മാസങ്ങളോളം ജിദ്ദയിലുണ്ടായിരുന്നു നജ്മുദ്ദീന്‍.


ഗോള്‍മുഖത്തെ വ്യാളി

1974 ല്‍ തൃശൂരില്‍ ചാക്കോള ട്രോഫി ടൂര്‍ണമെന്റില്‍ പ്രീമിയര്‍ ടയേഴ്സും മുംബൈ മഫത്ലാലും തമ്മില്‍ പൊരിഞ്ഞ കളി. നിറഞ്ഞ ഗാലറി ആര്‍ത്തുവിളിക്കവെ വലതു മൂലയില്‍നിന്ന് പൊടുന്നനെയൊരു ക്രോസ്. പന്ത് നിലംതൊടും മുമ്പെ രഞ്ജിത് ഥാപ്പയുടെ ഇടിവെട്ട് ഷോട്ട്. വെടിയുണ്ട പോലെ വന്ന പന്ത് പറന്നുപിടിച്ച വിക്ടര്‍ മഞ്ഞില തെറിച്ചു പുറത്തേക്ക്. പിടഞ്ഞെഴുന്നേല്‍ക്കും മുമ്പ് തൃശൂരിലെ രണ്ടു കച്ചവടക്കാര്‍ ഗ്രൗണ്ടിലേക്ക് പാഞ്ഞുവന്നു. 'ടാ മഞ്ഞിലേ, നീ നിര്‍ത്തിക്കോടാ, ഇതിനപ്പുറമെന്താടാ കളി?'.
സംഭവബഹുലമായ കരിയറില്‍ വിക്ടര്‍ മഞ്ഞില ഒരുപാട് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷെ ഇന്നും ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈ നാടന്‍ പ്രശംസാ വാചകങ്ങള്‍ തന്നെ.
1971 ല്‍ വിക്ടര്‍ നയിച്ച കാലിക്കറ്റ് യൂനിവേഴ്സിറ്റി അഖിലേന്ത്യാ കിരീടം നേടിയതാണ് കേരളത്തിലെ ഫുട്ബോളിന്റെ സുവര്‍ണദശകത്തിന് തുടക്കമിട്ടത്. 1972 മുതല്‍ ഒരു പതിറ്റാണ്ട് കാലം താരസമ്പന്നമായ പ്രീമിയര്‍ ടയേഴ്സിന്റെ ഗോള്‍വലയം ഈ അതികായന്റെ കൈയില്‍ ഭദ്രമായിരുന്നു. 1973 മുതല്‍ സന്തോഷ് ട്രോഫി ടീമില്‍. 1975 ല്‍ കോഴിക്കോട് സന്തോഷ് ട്രോഫി നടന്നപ്പോള്‍ നായകന്‍. 1976 ല്‍ തെക്കന്‍ കൊറിയയില്‍ നടന്ന പ്രസിഡന്റ്സ് കപ്പില്‍ ബ്രസീലിനെതിരെ ഇന്ത്യന്‍ വല കാത്തതാണ് ഏറ്റവും മികച്ച മത്സരം. നാല്‍പതിലേറെ ഷോട്ടുകളാണ് അന്ന് ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ചീറിപ്പാഞ്ഞുവന്നത്. അക്ഷരാര്‍ഥത്തില്‍ വിക്ടറും ബ്രസീല്‍ ടീമും തമ്മിലായിരുന്നു കളി. 1974 ലെ ഫെഡറേഷന്‍ കപ്പില്‍ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു.
1982 ല്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി കോച്ചായ വിക്ടര്‍ പിന്നീട് കേരളത്തിന്റെ പരിശീലക പദവി ഏറ്റെടുത്തു. കളിക്കാരനായും കോച്ചായും കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത അപൂര്‍വ നേട്ടത്തിനുടമ. ദേശീയ ഗെയിംസിന്റെ ടെക്നിക്കല്‍ കമ്മിറ്റി അംഗമായിരുന്നു. എ.ഐ.എഫ്.എഫ് പ്രതിനിധി.

ഫോട്ടോ: നജ്മുദ്ദീനോടൊപ്പം ലേഖകന്‍ ടി. സാലിം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025