ബെംഗളൂരു: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി എംഎല്‍എ എന്‍.മുനിരത്‌നയ്ക്കും 3 സഹായികള്‍ക്കും എതിരെ പോലീസ് കേസെടുത്തു. നാല്‍പതുകാരിയായ ബിജെപി പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ്. മുനിരത്‌നയ്ക്കു പുറമെ സഹായികളായ വസന്ത്, ചന്നകേശവ, കമല്‍ എന്നിവര്‍ക്കെതിരെയാണാ കേസെടുത്തിട്ടുള്ളത്.
2023 ജൂണ്‍ 11നാണ് കേസിന് ആസ്പദമായ സംഭവം. കള്ളക്കേസ് എടുത്ത ശേഷം സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഓഫിസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും മുഖത്ത് മൂത്രമൊഴിക്കുകയും ശരീരത്തില്‍ മാരകവൈറസ് കുത്തിവയ്ക്കുകയും ചെയ്‌തെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മകനെ കൊല്ലുമെന്ന് മുനിരത്‌ന ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
എന്തോ മാരകമായ വൈറസാണ് തന്റെ ദേഹത്ത് കുത്തിവച്ചതെന്നും ജനുവരിയില്‍ ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയില്‍ മാരകരോഗം സ്ഥിരീകരിച്ചെന്നും യുവതി പറയുന്നു. മുനിരത്‌നയുടെ നിര്‍ദേശപ്രകാരം തനിക്കെതിരെ നേരത്തെ കള്ളക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഈ കേസില്‍ അറസ്റ്റിലായി പിന്നീട് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം കേസില്‍നിന്നെല്ലാം ഒഴിവാക്കാമെന്നു പറഞ്ഞാണ് എംഎല്‍എ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും പീഡനം ഉണ്ടായതെന്നും യുവതി വെളിപ്പെടുത്തി.
മറ്റൊരു സാമൂഹിക പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുനിരത്‌നയ്ക്ക് 2024 ഒക്ടോബര്‍ 15നാണ് ജാമ്യം ലഭിച്ചത്. പട്ടികജാതിക്കാരനായ മുന്‍ കോര്‍പറേറ്റര്‍ വേലുനായ്ക്കറെ ജാതീയമായി അധിക്ഷേപിച്ചെന്നും ബിബിഎംപി കരാറുകാരനായ ചെലുവരാജുവില്‍ നിന്നു കരാര്‍ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളും മുനിരത്‌നക്കെതിരെയുണ്ട്.
Related News