റിയാദ് : യു.കെ - സൗദി വ്യാപാര ബന്ധം ശക്തിപ്പെടുത്തി സൗദി അറേബ്യയില്‍ 'ബ്രിട്ടണ്‍ വീക്ക് 2025' അവതരിപ്പിച്ച് ലുലു ഗ്രൂപ്പ്. ഒരാഴ്ച നീളുന്ന ബ്രിട്ടണ്‍ വീക്ക് ആഘോഷത്തിന്റെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു സ്റ്റോറുകളില്‍ പ്രീമിയം ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ വില്‍പനയ്ക്കും പ്രദര്‍ശനത്തിനുമെത്തി.
ലുലു ഗ്രൂപ്പിന്റെ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡര്‍ നീല്‍ ക്രോംപ്ടണ്‍ ബ്രിട്ടണ്‍ വീക്ക് ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ബ്രിട്ടീഷ് എംബസിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ലുലു ഗ്രൂപ്പ് അധികൃതര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ബ്രിട്ടണ്‍ വീക്കിലൂടെ നിരവധി പ്രമുഖ യു.കെ ബ്രാന്‍ഡുകളുടെ 3400 ലധികം പ്രീമിയം ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ലുലു റീട്ടെയ്ല്‍ സൗദി വിപണിയിലെത്തിച്ചിരിക്കുന്നത്. മെയ് 27 വരെ നീളുന്ന പരിപാടിയില്‍ ബ്രിട്ടണില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഫ്രെഷ് - ഫ്രോസണ്‍ ഭക്ഷ്യോത്പന്നങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, പലഹാരങ്ങള്‍, ദൈനംദിന ഉപയോഗ സാധനങ്ങള്‍, ആരോഗ്യ കേന്ദ്രീകൃതമായ ജൈവ - ഗ്ലൂട്ടണ്‍ ഫ്രീ ഉത്പന്നങ്ങള്‍ തുടങ്ങിയവ അണിനിരത്തിയിട്ടുണ്ട്.
ഈ വര്‍ഷത്തെ ലുലു ബ്രിട്ടണ്‍ വീക്കിന് വേറെയുമുണ്ട് പ്രത്യേകതകള്‍. ഏഴ് പ്രമുഖ യു.കെ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ 40 ഉത്പന്നങ്ങളാണ് ബ്രിട്ടണ്‍ വീക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സൗദിയിലെ ഉപഭോക്താക്കള്‍ക്ക് ബ്രിട്ടണ്‍ വിപണിയിലെത്തിയ നൂതന ഉത്പന്നങ്ങള്‍ പരിചയപ്പെടാന്‍ അവസരമൊരുങ്ങി. ശക്തമായ വ്യാപാര പങ്കാളിത്തവും, നിലയ്ക്കാത്ത ലോജിസ്റ്റിക് സേവനങ്ങളും ഉപയോഗിച്ചുള്ള ഈ ചുവടുവെയ്പ് സൗദി ഉപഭോക്താക്കളോടുള്ള ലുലുവിന്റെ പ്രതിബദ്ധതയുടെ അടയാളപ്പെടുത്തലായി.
ലുലു അവതരിപ്പിക്കുന്ന ബ്രിട്ടണ്‍ വീക്ക് 2025ന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമെന്ന് സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡര്‍ നീല്‍ ക്രോംപ്ടണ്‍ പറഞ്ഞു. തേയില മുതല്‍ ചീസ് വരെ നീളുന്ന ബ്രിട്ടീഷ് പാരമ്പര്യം വിളിച്ചോതുന്ന ഭക്ഷ്യവസ്തുക്കളും, ബ്രിട്ടണ്‍ന്റെ നൂതന ഉത്പന്നങ്ങളും സൗദിയില്‍ കാണാന്‍ കഴിഞ്ഞത് ആശ്ചര്യപ്പെടുത്തി. വ്യാപാരം വെറും അക്കങ്ങള്‍ മാത്രമല്ലെന്നും മറിച്ച് മനുഷ്യരുടെയും രുചികളുടെയും അനുഭവങ്ങളുടെയും ഒത്തുചേരലാണെന്ന് ഇത്തരം പരിപാടികള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും നീല്‍ ക്രോംപ്ടണ്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ സൗദിയിലെ ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച ലുലു ഗ്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബ്രിട്ടണ്‍ വീക്ക് ഒരിക്കല്‍ കൂടി സൗദി അറേബ്യയിലെ ലുലു സ്റ്റോറുകളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമെന്ന് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പ്രതികരിച്ചു. ബ്രിട്ടീഷ് ഉത്പന്നങ്ങളുടെയും ഉയര്‍ന്ന ഗുണമേന്മയുടെയും ആഘോഷമാണിത്. യു.കെയിലെ വിതരണക്കാരുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുന്നതിന്റെ അടയാളം കൂടിയാണ്. ലുലുവിന്റെ ബിര്‍മിംഗ്ഹാമിലെ ലോജിസ്റ്റിക്‌സ് ആന്‍ഡ് പാക്കേജിംഗ് കേന്ദ്രത്തിന്റെ തുടരുന്ന പിന്തുണയിലൂടെ എല്ലാവര്‍ഷവും സൗദിയിലെ ഉപഭോക്താക്കളിലേക്ക് ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ സുഗമമായി എത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദിയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്കായി ബ്രിട്ടണ്‍ വീക്ക് 2025 തുടരുകയാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.
Related News