ദോഹ :'റോഡ് ടു 20230' എന്ന ശീര്‍ഷകത്തില്‍ ദോഹയില്‍ നടക്കുന്ന അഞ്ചാമത് ഖത്തര്‍ ഇക്കണോമിക് ഫോറം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉല്‍ഘാടനം ചെയ്തു. ഇന്ന് രാവിലെ കത്താറ ടവേഴ്സ് റാഫിള്‍സ് ആന്‍ഡ് ഫെയര്‍മോണ്ട് ഹോട്ടലില്‍ ആരംഭിച്ച ബ്ലൂംബെര്‍ഗ് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന്റെ ഉത്ഘാടന സെഷനില്‍ ആഗോള സാമ്പത്തിക വിദഗ്ധരടക്കം പ്രമുഖര്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ ആമുഖ ഭാഷണത്തോടെയാണ് സെഷന്‍ ആരംഭിച്ചത്.റിപ്പബ്ലിക് ഓഫ് ബെനിന്‍ പ്രസിഡന്റ് പാട്രിസ് ടാലോണ്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, അംബാസിഡര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പാര്‍ലമെന്റേറിയന്മാര്‍, ബുദ്ധിജീവികള്‍, സാമ്പത്തിക വിദഗ്ധര്‍, ബിസിനസ്സ് പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
മെയ് 20 മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധരും ഭരണകര്‍ത്താക്കളും പങ്കെടുക്കുന്ന ദോഹ ഇക്കണോമിക് ഫോറത്തില്‍ 'ആഗോള സാമ്പത്തിക വ്യവസ്ഥയുടെ മാറ്റം' എന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ ഇന്ന് നടക്കും.
Related News