ടോക്കിയോ- ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാനും ഹോണ്ടയും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ പാളിയതിന് പിന്നാലെ, നിസ്സാനെ പിന്തുണക്കാന്‍ ടൊയോട്ട നീങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. മിത്സുബിഷിയെക്കൂടി ഉള്‍പ്പെടുത്തി ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മ്മാതാക്കളെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ ലയനം.
2024 ഡിസംബറില്‍ ലയന സാധ്യതകള്‍ ആരായാന്‍ നിസ്സാനും ഹോണ്ടയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, മാനേജ്‌മെന്റ് തലത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2025 ഫെബ്രുവരിയില്‍ ചര്‍ച്ചകള്‍ സ്തംഭിച്ചു. ഹോണ്ടയുടെ ഉപസ്ഥാപനമാകാന്‍ നിസ്സാന്‍ വിസമ്മതിച്ചതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം.
ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ടൊയോട്ടയിലെ ഒരു ഉദ്യോഗസ്ഥന്‍ നിസ്സാനുമായി ബന്ധപ്പെട്ടതായി ജപ്പാനീസ് പത്രമായ മെയ്‌നിചി റിപ്പോര്‍ട്ട് ചെയ്തു. ആഗോള വ്യവസായ വെല്ലുവിളികളെ നേരിടാന്‍ പ്രാദേശിക സഖ്യങ്ങള്‍ സ്ഥാപിക്കുന്നതില്‍ ടൊയോട്ടക്കുള്ള താല്‍പ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
നിസ്സാന്‍ നിലവില്‍ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയാണ്. ഏകദേശം 20,000 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതും (മൊത്തം തൊഴിലാളികളുടെ 15%) ഏഴ് ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതും ഉള്‍പ്പെടുന്ന ഒരു പുനഃസംഘടനാ പദ്ധതി അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2025 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 670.9 ബില്യണ്‍ യെന്‍ (ഏകദേശം 4.5 ബില്യണ്‍ ഡോളര്‍) അറ്റനഷ്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ നടപടികള്‍.
ഇലക്ട്രിക് വാഹനങ്ങളുടെ രംഗത്തുള്‍പ്പെടെ ആഗോള വാഹന വിപണിയിലെ അതിവേഗ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, പ്രാദേശിക സഖ്യങ്ങളുടെ ഒരു ശക്തമായ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ടൊയോട്ടയുടെ തന്ത്രത്തിന് ഇത് കരുത്ത് പകരുന്നു. മസ്ദ, സുബാരു, സുസുക്കി തുടങ്ങിയ ജാപ്പനീസ് കമ്പനികളില്‍ ടൊയോട്ട്ക്ക് നിലവില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നത് ശ്രദ്ധേയമാണ്.
Related News