അബുദാബി- യുഎഇയില്‍ രൂപകല്‍പ്പനയും വികസനവും നിര്‍മ്മാണവും പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് വിപണിയിലിറങ്ങി. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ ഈ ബൈക്കിന് 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
തിങ്കളാഴ്ച അബുദാബിയില്‍ നടന്ന 'മേക്ക് ഇറ്റ് ഇന്‍ ദ എമിറേറ്റ്സ്' പ്രദര്‍ശനത്തിലാണ് ഇലക്ട്രിക് മൊബിലിറ്റി സ്ഥാപനമായ ഇ-ഡാഡി എക്സ്7 ബൈക്ക് പുറത്തിറക്കിയത്. ഏഴ് എമിറേറ്റുകളില്‍ നിന്നും യുഎഇയുടെ ദേശീയ പക്ഷിയായ പരുന്തില്‍ നിന്നുമാണ് ബൈക്കിന്റെ പേരും രൂപകല്‍പ്പനയും പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.
ഇ-ഡാഡിയുടെ സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ യാസ്മീന്‍ ജവഹറാലി പറഞ്ഞത്, വിവിധ സബ്-വേരിയന്റുകളിലും 180 കിലോമീറ്റര്‍ വരെ ഉയര്‍ന്ന വേഗത്തിലും വരുന്ന ഈ ബൈക്കിന് 12,000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ വിലയുണ്ടാകും എന്നാണ്.
രാജ്യത്തുടനീളമുള്ള വ്യക്തിഗത ഉപഭോക്താക്കള്‍ക്കും ഡെലിവറി കമ്പനികള്‍ക്കുമായി ജൂലൈ മാസത്തോടെ ഇത് പൂര്‍ണ്ണമായി ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ അംഗീകാരങ്ങള്‍ക്കായുള്ള നടപടിക്രമങ്ങളിലാണ്. ഇന്ന് ഉല്‍പ്പന്നത്തിന്റെ ആദ്യത്തെ സോഫ്റ്റ് ലോഞ്ചാണ്, ഇത് ജൂലൈയില്‍ ലഭ്യമാകും. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുമായി രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഞങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്, രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു - യാസ്മീന്‍ പറഞ്ഞു.
Related News