ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് വ്യാപാര വിനോദ സഞ്ചാര മേഖലയില്‍ വന്‍ തിരിച്ചടി. ഇന്ത്യന്‍ വാണിജ്യ ലോകത്തു പടരുന്ന 'ബോയ്‌കോട്ട് തുര്‍ക്കി' ക്യാമ്പെയിന്‍ തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഉപരോധമായി മാറിയോടെയാണിത്. തുര്‍ക്കിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ കച്ചവടക്കാര്‍ക്കു പുറമെ ആദാനി ഗ്രൂപ്പും പിന്തുണച്ചു. വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സേവനം നടത്തുന്ന ടര്‍ക്കിഷ് കമ്പനിയായ സെലിബി എയര്‍പോര്‍ട്ട് സര്‍വീസസിന്റെ (ഇലഹലയശ അ്ശമശേീി കിറശമ) സുരക്ഷാ ക്ലിയറന്‍സ് കേന്ദ്രം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന്, സെലിബിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി അദാനി ഗ്രൂപ്പിന് കീഴിലെ വിമാനത്താവള നിയന്ത്രണ കമ്പനിയായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ ലൗഞ്ച് സൗകര്യം നല്‍കുന്ന ചൈനീസ് കമ്പനിയായ ഡ്രാഗണ്‍പാസുമായുള്ള സഹകരണവും അദാനി റദ്ദാക്കി. തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു, ജയ്പുര്‍, ഗുവഹാത്തി എന്നീ വിമാനത്താവളങ്ങളുടെ നിയന്ത്രണം നിര്‍വഹിക്കുന്നത് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സാണ്.
തുര്‍ക്കിയില്‍ നിന്നുള്ള ഡ്രൈഫ്രൂട്ട്‌സ് ബഹിഷ്‌കരിക്കാന്‍ പുണെയിലെ വ്യാപാരികള്‍ തീരുമാനിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിളുകളാണ് വ്യാപാരികള്‍ ആദ്യം ഒഴിവാക്കിയത്. ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ 1,000 കോടി ഡോളറിന്റെ ഡ്രൈഫ്രൂട്ട്‌സ് കച്ചവടമാണ് ഓരോ വര്‍ഷവും നടക്കുന്നത്. അത്തിപ്പഴം, ആപ്രിക്കോട്, മുന്തിരി ഇനത്തില്‍പ്പെട്ട സുല്‍ത്താന, പിസ്ത തുടങ്ങിയവ പ്രധാനമായും തുര്‍ക്കിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ബഹിഷ്‌കരണ തീരുമാനത്തിന് ചെറുകിട കച്ചവടക്കാരുടെ പിന്തുണയുണ്ടെന്ന് പുണെ ഡ്രൈഫ്രൂട്ട്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ നവീന്‍ ഗോയല്‍ പറഞ്ഞു. വ്യാപാരികളുടെ തീരുമാനത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രശംസിച്ചു.
ടഇതിനു പുറമെ ടൂറിസം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സഹകരണം വരെ പ്രതിസന്ധി നേരിടുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങളുടെയും ഡ്രൈഫ്രൂട്ട്‌സിന്റെയും വില്‍പന കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞിരുന്നു. തുര്‍ക്കിയുടെ മുഴുവന്‍ ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്.
മാര്‍ബിള്‍, സ്വര്‍ണം, സിമന്റ്, മിനറല്‍ ഓയില്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി വിവിധ ഉല്‍പന്നങ്ങളും തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ശുദ്ധീകരിച്ച പെട്രോളിയം, വാഹനങ്ങള്‍, അനുബന്ധ ഘടകങ്ങള്‍ തുടങ്ങിയവ തുര്‍ക്കിയിലേക്കു കയറ്റുമതി ചെയ്യുന്നു. 2024 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ 520 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. അവിടെ നിന്നുള്ള ഇറക്കുമതി 284 കോടി ഡോളറിന്റെയും.
ഇന്ത്യന്‍ സഞ്ചാരികള്‍ ചെലവിട്ടത് 4,000 കോടി. ലോകത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലൊന്നായ തുര്‍ക്കിയിലേയ്ക്കുള്ള യാത്ര ഇന്ത്യന്‍ സഞ്ചാരികള്‍ ഒഴിവാക്കുന്നതു തുര്‍ക്കിക്കു കനത്ത തിരിച്ചടിയാകും. തുര്‍ക്കിയിലേക്കുള്ള ടൂറിസം ബുക്കിങ്ങുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നതായാണു വിവരം.
Related News