യൂറോപ്യന്‍ ഫുട്‌ബോളിന്റെ 2024- 25 സീസണ്‍ പൂര്‍ത്തിയാകാന്‍ ഇനി വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ബാക്കി. പ്രധാനപ്പെട്ട അഞ്ച് ലീഗുകളില്‍, ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്നേ ജേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞു. സ്‌പെയിനിലും ഇറ്റലിയിലും ആവേശപോരാട്ടങ്ങള്‍ ഫോട്ടോ ഫിനിഷിലേക്ക് കടക്കുകയാണ്.
ഇംഗ്ലണ്ടില്‍ ചുവപ്പന്മാരുടെ ആധിപത്യം.
ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂളിനായിരുന്നു തുടക്കം മുതല്‍ സമ്പൂര്‍ണ്ണ ആധിപത്യം. ഈ സീസണില്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് 'റെഡ്‌സ്' തോല്‍വി അറിഞ്ഞത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ പതിനഞ്ച് പോയിന്റ് മുന്നിലാണ് ലിവര്‍പൂള്‍. അതില്‍ നിന്ന് തന്നെ അവരുടെ കരുത്ത് മനസ്സിലാക്കാം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടീം പതറിയെങ്കിലും, വാന്‍ഡൈക്ക്, ഫെഡറിക്കോ ചിയേസ, കോഡി ഗാഗ്‌പോ, ലൂയിസ് ഡയസ്, മുഹമ്മദ് സലാഹ് എന്നീ താരങ്ങളുടെ അനുഭവസമ്പത്ത് ആഭ്യന്തര ലീഗില്‍ ടീമിന് ഗുണം ചെയ്തു. 28 ഗോളുകളും 18 അസിസ്റ്റുമായി സലാഹ് തന്നെയാണ് ലീഗിലെയും ടീമിനെയും ഗോളടിവീരന്‍. ലിവര്‍പൂളിന്റെ ഇരുപതാമത്തെ കിരീടനേട്ടം കൂടിയായിരുന്നു ഇത്തവണ നടന്നത്.
ജര്‍മ്മനിയില്‍ ബയേണ്‍ തുടരും
കഴിഞ്ഞ ബുണ്ടസ് ലിഗയില്‍ ലെവര്‍ക്കൂസന്റെ തേരോട്ടത്തിന് മുന്നില്‍ ബയേണ്‍ മ്യൂണിക് ശരിക്കും പതറിയിരുന്നു. എന്നാല്‍ വിന്‍സന്റ് കൊമ്പാനി 'ബവേറിയന്‍സിന്റെ ' പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ കളിയാകെ മാറി. ഹാരി കെയ്‌നും മാനുവല്‍ ന്യൂയറും തോമസ് മുള്ളറുമടങ്ങുന്ന അനുഭവസമ്പന്നര്‍ക്കൊപ്പം ജമാല്‍ മുസിയാല, ജോഷ്വാ കിമ്മിച്ച് തുടങ്ങിയ യുവനക്ഷത്രങ്ങളെ കൂടി ഉള്‍പ്പെടുത്തിയ ബയേണ്‍ നിര ഏതൊരു ടീമിനും പേടിസ്വപ്നമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ലെവര്‍കൂസനെക്കാള്‍ എട്ട് പോയിന്റ് കൂടുതല്‍ നേടിയാണ് ബയേണ്‍ ഇത്തവണ ശക്തി പ്രകടിപ്പിച്ചത്. തങ്ങളുടെ 34-ആം കിരീടനേട്ടം ആഘോഷിച്ച ബയേണിനൊപ്പം തന്റെ ആദ്യ പ്രൊഫഷണല്‍ കിരീടനേട്ടവും ആഘോഷിക്കുകയായിരുന്നു ലീഗിലെ ടോപ് സ്‌കോററായ ഹാരി കെയ്‌നും.
പി എസ് ജി സൂപ്പര്‍ താരങ്ങളില്ലാത്ത സൂപ്പര്‍ ടീം
ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഉടമസ്ഥതയില്‍ വന്നശേഷം ടീമിന് നല്ല കാലമാണെന്ന് പറയുന്നതില്‍ തെറ്റില്ല. ഇടയ്ക്ക് സാക്ഷാല്‍ ലയണല്‍ മെസ്സിയും എംബാപ്പെയും നെയ്മറുമൊക്കെ ഒരുമിച്ച് കളിച്ചിരുന്നെങ്കിലും ടീമിലെ അനൈക്യം വലിയ വാര്‍ത്തയായിരുന്നു. അവിടെ നിന്നാണ് ആ ടീം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ എത്തുന്നതും ഫ്രഞ്ച് ലീഗിലെ ആധിപത്യം തുടരുകയും ചെയ്യുന്നത്. ഉസ്മാന്‍ ഡെമ്പലയും ജിയാന്‍ ലിയുഗി ഡോണരുമ്മയും വിറ്റിന്‍ഹയും അഷ്‌റഫ് ഹക്കിമിയും ഉള്‍പ്പെട്ട ടീമിനെ ലൂയിസ് എന്റിക്വെ എന്ന പരിശീലകന്‍ മികച്ച രീതിയിലാണ് മുന്നോട്ടു നയിക്കുന്നത്. 13-ആം കിരീടനേട്ടം ആഘോഷിക്കുന്ന പി എസ് ജിയുടെ ഉസ്മാന്‍ ഡെമ്പലെ തന്നെയാണ് ലീഗ് വണ്ണിലെ ഗോള്‍ വേട്ടക്കാരനും.
സ്‌പെയിനില്‍ കാറ്റലോണിയന്‍ ആധിപത്യം
ലാലിഗയില്‍ ബാഴ്‌സലോണയുടെ കുതിപ്പാണ് കാണാന്‍ കഴിയുന്നത്. ലാമിന്‍ യമാലും ലെവന്‍ഡോവ്‌സ്‌ക്കിയും റഫീഞ്ഞയും അണി നിരക്കുന്ന ബാഴ്സക്ക് മുന്നില്‍ റയല്‍ അടക്കമുള്ള മുന്‍നിര ടീമുകളൊക്കെ പതറി പോവുകയാണ്. ഈ സീസണില്‍ നടന്ന എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ ഒരെണ്ണം പോലും ബാഴ്‌സയെ തോല്‍പ്പിക്കാന്‍ റയലിന് കഴിഞ്ഞിട്ടില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്റര്‍മിലാന് മുന്നില്‍ മുട്ടുകുത്തിയെങ്കിലും ലാലിഗയില്‍ കാറ്റലോണിയന്‍ ക്ലബ്ബിന്റെ ആധിപത്യം തുടരുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ വലിയ അട്ടിമറികള്‍ നടന്നാലേ ബാഴ്‌സയുടെ കിരീടധാരണത്തിന് മങ്ങലേല്‍ക്കൂ. പക്ഷേ അതിനുള്ള സാധ്യത വളരെ വിരളമാണ്.
ഇറ്റലിയില്‍ നാപ്പോളി
നേപ്പിള്‍സ് നഗരത്തില്‍ നിന്നുള്ള എസ് എസി നാപ്പോളിയുടെ വസന്തകാലമെന്നത് സാക്ഷാല്‍ ഡീഗോ മറഡോണ കളിച്ച കാലം തന്നെയാണ്. ആ കാലത്താണ് അവര്‍ രണ്ട് തവണ സീരി എ ജേതാക്കളായതും. 1986- 87, 89-90 സീസണുകളില്‍ ആയിരുന്നു ആ കിരീടനേട്ടങ്ങള്‍. പിന്നീട് 32 വര്‍ഷങ്ങള്‍ക്ക് ശേഷം 2022- 23 സീസണിലും നാപ്പോളി ചാമ്പ്യന്മാരായിട്ടുണ്ട്. ഇപ്പോള്‍ ആന്റണിയോ കൊണ്ടെ പരിശീലിപ്പിക്കുന്ന നാപ്പോളിയാണ് സീരി എയില്‍ മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ തൊട്ടു പിറകില്‍ ഒരു പോയിന്റ് അകലത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാന്‍ അവര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കൊണ്ടെക്കും സംഘത്തിനും ആ വെല്ലുവിളി മറികടക്കാനായാല്‍ നാപ്പോളിക്ക് നാലാം തവണ ഇറ്റാലിയന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായി വാഴാം.
-മുനീര്‍ വാളക്കുട
Related News