ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാന് മോചനം. ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറുകയാണ് ചെയ്തത്. രാവിലെ 10.30ന് അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റ് വഴിയാണ് ജവാനെ കൈമാറിയത്. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂര്‍ണം മോചിതനാവുന്നത്. പാകിസ്ഥാന്‍ റേഞ്ചേഴ്സുമായുള്ള സജീവമായ ചര്‍ച്ചയെ തുടര്‍ന്നാണ് പൂര്‍ണം കുമാര്‍ ഷായെ മോചിതനാക്കിയതെന്ന് ബിഎസ്എഫ് അറിയിച്ചു.
ഏപ്രില്‍ 23നാണ് പൂര്‍ണം കുമാര്‍ ഷായെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ പൂര്‍ണം ഇന്ത്യക്കും പാകിസ്ഥാനും ഇടയിലെ നോമാന്‍സ് ലാന്‍ഡിലെ കര്‍ഷകരെ നിരീക്ഷിക്കാനെത്തിയപ്പോള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. തുടര്‍ന്ന് പാക് സൈന്യം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫിറോസ്പൂര്‍ സെക്ടറിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്സാണ് പൂര്‍ണം കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. പൂര്‍ണം സൈനിക യൂണിഫോമില്‍ സര്‍വീസ് റൈഫിളും കൈവശം വച്ച് കര്‍ഷകരോടൊപ്പം പോകുമ്പോഴാണ് അദ്ദേഹത്തെ പാകിസ്ഥാന്‍ പട്ടാളക്കാര്‍ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്.
Related News