ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് കേന്ദ്രസര്‍ക്കാരിന് ഗവായിയുടെ പേര് നിര്‍ദേശിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്. കേരളത്തിന്റെ മുന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ മകനാണ്.
ദളിത് വിഭാഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി ആര്‍ ഗവായ്. ആറ് മാസത്തേക്കാണ് ബി ആര്‍ ഗവായുടെ നിയമനം. നവംബര്‍ 23ന് കാലാവധി അവസാനിക്കും. ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സലറാണ്. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ്.
നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ , അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതി സര്‍വകലാശാല എന്നിവയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായിരുന്നു അദ്ദേഹം. 1992 ആഗസ്ത് മുതല്‍ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂര്‍ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബര്‍ 14 ന് ബി ആര്‍ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി. 2019 ലാണ് ഗവായി സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.
Related News