ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പഞ്ചാബിലെ ഹോഷിയാര്‍പൂരിലും അമൃത്സറിലും ജമ്മുവിലെ കത്വയിലും സാമ്പയിലും രജൗരിയിലും പാക് ഡ്രോണുകള്‍ എത്തി. ഇവ വ്യോമപ്രതിരോധമാര്‍ഗം ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇക്കാര്യം സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് രാത്രി 9.15ഓടെ പലയിടത്ത് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
ഇന്ത്യാ -പാക് വെടിനിര്‍ത്തല്‍ വിലയിരുത്താനുള്ള ഇന്ത്യ-പാക് ഡയരക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍ (ഡി.ജി.എം.ഒ) തല ചര്‍ച്ച നടന്നു. വൈകീട്ട് ടെലിഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. വെടിനിര്‍ത്തലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബാധന ചെയ്യുമെന്ന അറിയിപ്പ് വന്നത്. പാകിസ്താന്‍ ഡി.ജി.എം.ഒ ഇങ്ങോട്ട് വിളിച്ചാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്ന് മോദി പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കു തുറന്ന അമൃത്സര്‍ വിമാനത്താവളത്തില്‍ ഡല്‍ഹിയില്‍നിന്നെത്തിയ ആദ്യ സര്‍വീസ് 'ബ്ലാക്ക് ഔട്ടി'നെത്തുടര്‍ന്ന് ഇറക്കാനായില്ല. വൈകിട്ട് 8നു ഡല്‍ഹിയില്‍നിന്നുപോയ ഇന്‍ഡിഗോ വിമാനമാണ് 9.26ന് ഡല്‍ഹിയില്‍ത്തന്നെ തിരിച്ചിറക്കിയത്. കഴിഞ്ഞദിവസം അടച്ച 32 വിമാനത്താവളങ്ങള്‍ യാത്രാവിമാനങ്ങള്‍ക്കായി ഇന്നലെയാണു തുറന്നത്. സേവനം സാധാരണനിലയിലാകാന്‍ ഏതാനും ദിവസംകൂടി വേണ്ടിവരുമെന്നു വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
Related News